കൊല്ലം: തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ, കലാകാരന്മാർ, സംരംഭകർ, കലാകായിക പ്രതിഭകൾ, മതമേലദ്ധ്യക്ഷർ, പൊതുപ്രവർത്തകർ... ഇവർ തങ്ങളുടെ നിർദ്ദേശങ്ങളും സങ്കടങ്ങളും പ്രതിസന്ധികളും സന്തോഷങ്ങളും പങ്കുവച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും സശ്രദ്ധം കേട്ടിരുന്നു. ചിലത് മുഖ്യമന്ത്രിയും മന്ത്രിമാരും കുറിച്ചെടുത്തു. ഉയർന്ന എല്ലാ അഭിപ്രായങ്ങൾക്കും മുഖ്യമന്ത്രിയുടെ ആശ്വാസകരവും പ്രതീക്ഷാനിർഭരവുമായ മറുപടികളെത്തി. ഇങ്ങനെ നവകേരള സദസിന്റെ ഭാഗമായി കൊട്ടരക്കരയിൽ നടന്ന ജില്ലയിലെ ആദ്യ പ്രഭാതസദസ് പങ്കെടുത്തവരുടെ ഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുതിയ നിലാവ് പടർത്തി. കൊട്ടാരക്കര ജൂബിലി മന്ദിരം ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് ആരംഭിച്ച പ്രഭാത സദസിന് എത്തിയവരെയെല്ലാം മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തി പരിചയപ്പെടുകയും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു. വിവിധ രംഗങ്ങളിലുള്ള ഇരുനൂറോളം പേരാണ് കൊട്ടാരക്കരയിലെ പ്രഭാതസദസിൽ പങ്കെടുത്തത്.
മുഖ്യമന്ത്രിയുടെ മറുപടി
 കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ നടപടി ശക്തമാക്കുമോ?
ലഹരിക്കടിപ്പെട്ടവരെ മോചിപ്പിക്കുന്ന പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സംസ്ഥാനത്ത് നടന്നുവരുന്നു. എല്ലാ വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ കാമ്പയിൻ നടത്തുന്നത് തുടരും. മയക്കുമരുന്ന് മാഫിയകളുടെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ കൂടുതൽ ഊർജ്ജിതമാക്കും. വിദ്യാലയങ്ങളിൽ ബോധവത്കരണ പ്രവർത്തനങ്ങളും കരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെ ഇടപെടലും ആവശ്യമാണ്.
 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ച ഉന്നത വിദ്യാഭ്യാസ മേഖലയിൽ വ്യാപിപ്പിക്കുമോ ?
ഉന്നത വിദ്യാഭ്യാസ മേഖലയെ കേരളത്തിന്റെ ഹബ്ബാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. പുറത്തുനിന്നുള്ള വിദ്യാർത്ഥികളെ ആകർഷിക്കും വിധത്തിലുള്ള പാഠ്യ പദ്ധതികൾ ആവിഷ്‌കരിക്കും. റാങ്കിംഗിൽ കേരളത്തിലെ സർവകലാശാലകൾ മികച്ച കുതിപ്പാണ് നടത്തുന്നത്.
 തോട്ടം മേഖലയിലെ പ്രശ്നങ്ങളിൽ ഗൗരവ ഇടപെടൽ ഉണ്ടാകുമോ?
തോട്ടം മേഖലയിലെ പ്രതിസന്ധികൾക്ക് ഇളവുകളും പരിഷ്‌കാരങ്ങളും വേണമെന്ന നിലപാടിനോട് സർക്കാർ യോജിക്കുന്നു. ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കും.
ഉയർന്ന മറ്റ് ആവശ്യങ്ങൾ
 കൊട്ടാരക്കരയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഫ്‌ളൈ ഓവർ
 ചില്ലറ വ്യാപാര രംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ വ്യാപാരമന്ത്രാലയം രൂപീകരിക്കണം
 വിദേശ രാജ്യങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് നിയന്ത്രിക്കണം
 റബർ വില വർദ്ധനവ് പരിഹരിക്കണം
 കുന്നത്തൂർ ഫ്‌ളോട്ടിംഗ് സോളാർ പദ്ധതി യാഥാർത്ഥ്യമാക്കണം
 എം.സി റോഡിൽ മെച്ചപ്പെട്ട യാത്രാസൗകര്യത്തിന് ബൈപ്പാസ് നിർമ്മിക്കണം
 ജഡായുപ്പാറ, തെന്മല, കുറ്റാലം, പാലരുവി ടൂറിസം സർക്യൂട്ട് രൂപീകരിക്കണം
 കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ഏർപ്പെടുത്തണം
 തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കണം