കൊല്ലം: സംസ്ഥാനത്ത് ഏഴര വർഷത്തിനിടെ ആരെയും അത്ഭുതപ്പെടുത്തുന്ന വികസന പ്രവർത്തനങ്ങളാണ് നടന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ നടന്ന കൊട്ടാരക്കര നിയോജകമണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസം, ടൂറിസം, ആരോഗ്യം, വ്യവസായം, തൊഴിൽ തുടങ്ങി സർവ മേഖലകളിലും കേരളം കൈവരിച്ച നേട്ടങ്ങൾ രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളെയും കടത്തിവെട്ടുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തി. ഉന്നത വിദ്യാഭ്യാസ മേഖല അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്നതോടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പേരാണ് ഇന്ന് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളായി എത്തുന്നത്. വ്യവസായ സൗഹൃദ സംസ്ഥാനമായി മാറാൻ കേരളത്തിന് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

ക്രമസമാധാന പരിപാലനത്തിൽ മികവ്:

മന്ത്രി വി.എൻ. വാസവൻ

കേരളത്തിലെ ക്രമസമാധാന പാലനം മികച്ചതാണെന്നും പബ്ലിക് അഫയേഴ്‌സ് ഇൻഡക്‌സ് പ്രകാരം ഏറ്റവും മികച്ച ഭരണം കാഴ്ചവയ്ക്കുന്ന സർക്കാരായി ജനങ്ങൾ തിരഞ്ഞെടുത്തത് കേരള സംസ്ഥാന സർക്കാരിനെയാണെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ഭൂരഹിതരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് കേരളം അടുത്തുകൊണ്ടി​രിക്കുകയാണ്. ഇത്രയധികം ക്ഷേമ പെൻഷൻ നൽകുന്ന മറ്റൊരു സംസ്ഥാനം ഇന്ത്യയിൽ ഇല്ല. 64 ലക്ഷം പേർക്കാണ് 1600 രൂപ വീതം സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നത്. 2024 നവംബർ ഒന്നോടുകൂടി അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെടാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതി​പക്ഷ നി​ലപാട് ദൗർഭാഗ്യകരം:

മന്ത്രി കെ രാജൻ

പ്രളയകാലത്ത് കേരളം നേരിട്ട പ്രതിസന്ധിക്ക് 300 കോടിയുടെ വിദേശ ധനസഹായം വന്നപ്പോൾ അത് സ്വീകരിക്കാൻ പോലും കേരളത്തിനെ സഹായിക്കാത്തവരാണ് ഇന്ന് കേരളത്തിന്റെ വികസനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നതെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. പ്രതിപക്ഷം എതിർ പക്ഷമല്ല, മറ്റൊരു പക്ഷമാണ് എന്ന ബഹുമാനത്തിലാണ് നവകേരള സദസിൽ പങ്കെടുക്കാൻ അഭ്യർത്ഥിച്ചത്. എന്നാൽ അവർ നിസഹകരണ മനോഭാവം സ്വീകരിച്ചത് ദൗർഭാഗ്യകരമായി​. 25 വർഷത്തിനപ്പുറമുള്ള കേരളത്തെ വിഭാവനം ചെയ്യുകയാണ് ഈ സർക്കാർ. സർക്കാരിന്റെ കാലാവധി കഴിയുന്നതിന് മുമ്പ് കേരളത്തിലെ മുഴുവൻ ഭൂമിയും ഡിജിറ്റൽ രേഖയുള്ളവയാകുമെന്നും അദ്ദേഹം പറഞ്ഞു.