കരുനാഗപ്പള്ളി : നവകേരള സദസ് ഇന്ന് കരുനാഗപ്പള്ളിയിൽ. രാവിലെ 11ന് മുഖ്യമന്ത്രിയും മന്ത്രിമാരും എച്ച്.ആൻഡ് ജെ.മാൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ എത്തും. പരാതികൾ നൽകാനുള്ള കൗണ്ടറുകൾ രാവിലെ 8 മുതൽ പ്രവർത്തനം ആരംഭിക്കും. 20 കൗണ്ടറുകളാണ് ഉള്ളത്. ഇതിൽ 11 എണ്ണം ജനറൽ കൗണ്ടറാണ്. സ്ത്രികൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലാലാജി ജംഗ്ഷനിലെ പ്രധാന പ്രവേശന കവാടത്തിന്റെയും പരിപാടി നടക്കുന്ന പന്തലിന്റെയും നിർമ്മാണം പൂർത്തിയായി. രാവിലെ 9 മുതൽ പ്രധാന വേദിയിൽ വിവിധ കലാപരിപാടികൾ ആരംഭിക്കും.
സുരക്ഷാ ക്രമീകരണങ്ങൾ
ഡോ.പാർവതിയുടെ സംഗീത പരിപാടി, കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന്റെ നൃത്ത ശില്പം, പ്രിയം സ്കൂൾ ഒഫ് മ്യൂസിക് നേതൃത്വം നൽകുന്ന സ്വാഗത ഗാനം തുടങ്ങിയവ നടക്കും. തുടർന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എത്തുന്നതോടെ നവകേരള സദസ് ആരംഭിക്കുമെന്ന് . സംഘാടകസമിതി ചെയർമാൻ ആർ.സോമൻ പിള്ള, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു കൺവീനർ ഡെപ്യുട്ടി കളക്ടർ സുരേഷ് കുമാർ എന്നിവർ അറിയിച്ചു. നവകേരള സദസിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസിന്റെ രഹസ്യ അന്വേഷണ വിഭാഗം നിരീക്ഷണം ശക്തമാക്കി.
സദസിന്റെ പ്രചരണാർത്ഥം വനിതകൾ ഇരുചക്ര വാഹനങ്ങളിൽ വിളംബര ഘോഷയാത്ര നടത്തി. പുള്ളിമാൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച വിളംബര യാത്ര ടൗൺ ചുറ്റി ഗ്രൗണ്ടിൽ സമാപിച്ചു. തുടർന്ന് സ്ത്രീ സംഗമവും സാംസ്കാരിക സദസും നടന്നു.
ഗതാഗത നിയന്ത്രണം
പ്രധാന പ്രവേശന കവാടമായ ലാലാജി ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ടുള്ള റോഡിൽ 10 മണിയോടെ ഗതാഗതം നിയന്ത്രിക്കും. 10ന് മുമ്പ് തന്നെ ജനങ്ങൾ നവകേരള സദസ് നടക്കുന്ന വേദിയിൽ എത്തിച്ചേരണമെന്ന് പൊലീസ് അറിയിച്ചു. 10ന് ശേഷം പ്രധാന വേദിയിലേക്കുള്ള പ്രവേശനം കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് എതിർ വശത്ത് രാജധാനി ജ്വല്ലറിക്കും തെക്ക് വശമുള്ള റോഡിലൂടെ പടിഞ്ഞാറോട്ട് വരുന്ന വഴിയിലൂടെയും ലാലാ ജി ജംഗ്ഷന് പടിഞ്ഞാറു വശത്തെ വന്ദന ഹോസ്റ്റലിന് സമീപത്തെ കലുങ്കിന് സമീപം കൂടി വടക്കോട്ടുള്ള വഴിയിലൂടെയും ആയിരിക്കും. ഓച്ചിറ, ക്ലാപ്പന പഞ്ചായത്തുകളിൽ നിന്നുള്ള വാഹനങ്ങൾ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും കുലശേഖരപുരം പഞ്ചായത്തിൽ നിന്നുള്ള വാഹനങ്ങൾ പുള്ളിമാൻ ജംഗ്ഷനിലുള്ള പഴയ ദേശീയപാതയിലും തഴവ പഞ്ചായത്തിൽ നിന്നുള്ളവ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലും ആലപ്പാട്ട് നിന്നുള്ള വാഹനങ്ങൾ ലാലാജി ജംഗ്ഷനിലെ പഴയ ദേശീയപാതയിലും കരുനാഗപ്പള്ളി, തൊടിയൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ മുനിസിപ്പൽ ബസ് സ്റ്റാൻഡിലും പാർക്ക് ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.