കൊട്ടാരക്കര: ജനം ഒഴുകിയെത്തി, കൊട്ടാരക്കരയിൽ നവകേരള സദസ് പങ്കാളിത്തംകൊണ്ടും ശ്രദ്ധേയം. ഇന്നലെ വൈകിട്ട് 4ന് നവകേരള സദസ് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. അതുകൊണ്ടുതന്നെ 3ന് മുന്നേ പന്തൽ നിറയെ ആളുകളായി. ഏഴായിരത്തിലധികം കസേരകൾ വലിയ പന്തലിൽ ഇട്ടിരുന്നു. പന്തലിന്റെ വശങ്ങളിലും പിൻഭാഗങ്ങളിലുമൊക്കെ കസേരകൾ നിരത്തി. കുടുംബശ്രീ, തൊഴിലുറപ്പ്, അങ്കണവാടി, ഹരിതകർമ്മസേന, ആശാ പ്രവർത്തകരടക്കം സ്ത്രീകളുടെ വലിയ പങ്കാളിത്തമുണ്ടായി. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ അദ്ധ്യക്ഷതയിൽ യോഗം തുടങ്ങി എ.ഡി.എമ്മിന്റെ സ്വാഗത പ്രസംഗത്തിന് ശേഷം മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ, കെ.രാജൻ എന്നിവർ സംസാരിച്ചു. കെ.രാജന്റെ പ്രസംഗം സദസ് നന്നായി ആസ്വദിച്ചുവരവെയാണ് അകമ്പടി വാഹനങ്ങൾ സഹിതം മുഖ്യമന്ത്രിയടക്കം സഞ്ചരിക്കുന്ന നവകേരള ബസ് ജൂബിലി മന്ദിരം കോമ്പൗണ്ടിലേക്കെത്തിയത്. അപ്പോഴേക്കും മുദ്യാവാക്യം വിളികൾ ഒരു വശത്ത് മുഴങ്ങി. വാദ്യ മേളക്കൊഴുപ്പിനിടയിൽ ബസിൽ നിന്നും മുഖ്യമന്ത്രി പുറത്തേക്കിറങ്ങി. മന്ത്രി കെ.എൻ.ബാലഗോപാലും നഗരസഭ ചെയർമാൻ എസ്.ആർ.രമേശുമടക്കമുള്ളവർ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു. മുക്കാൽ മണിക്കൂർ നീണ്ട പ്രസംഗത്തിന് ശേഷമാണ് മുഖ്യമന്ത്രി വേദി വിട്ടത്. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും കഥകളിയുടെ ചെറു ശില്പങ്ങൾ നൽകിയാണ് കൊട്ടാരക്കരയുടെ ആദരവർപ്പിച്ചത്.

യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് മുന്നിൽ കരിങ്കൊടി കാട്ടാനെത്തിയ യൂത്ത് കോൺഗ്രസുകാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഇന്നലെ പുനലൂരിലെ നവകേരള സദസിന് ശേഷം ബസ് കൊട്ടാരക്കരക്ക് വരുന്നവഴിയിലാണ് കിഴക്കേത്തെരുവിന് സമീപം കോട്ടപ്പുറത്ത് യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി പവിജാ പത്മന്റെയും സംസ്ഥാന സെക്രട്ടറി അജു ജോർജ്ജിന്റെയും നേതൃത്വത്തിലുള്ള ഏഴംഗ സംഘം കരിങ്കൊടിയുമായി റോഡിലേക്ക് ചാടിവീണു. മുന്നേവന്ന പൊലീസ് വാഹനത്തിൽ നിന്നുമിറങ്ങിയ പൊലീസുകാർ പ്രതിഷേധക്കാരെ പിടിച്ചുമാറ്റി ജീപ്പിൽ കയറ്റാൻ ശ്രമിക്കവെ പവിജാ പത്മൻ കുതറിമാറി വീണ്ടും കരിങ്കൊടിയുമായി ബസിന് മുന്നിലെത്തി. പ്രതിഷേധക്കാരെ ഏഴുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കേസെടുത്തശേഷം ജാമ്യത്തിൽ വിട്ടു. പുത്തൂരിൽ പ്രതിഷേധത്തിന് തയ്യാറെടുത്ത ഗ്രാമപഞ്ചായത്തംഗമായ കോൺഗ്രസ് നേതാവ് പഴവറ സന്തോഷ് അടക്കമുള്ളവരെ വൈകിട്ടുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ രാത്രി വൈകിയാണ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചത്.