കൊല്ലം: ഇടംകാൽ കൊണ്ട് ഒരുരാത്രി ഉറക്കമിളച്ച് വരച്ച തന്റെ സമ്മാനം മുഖ്യമന്ത്രി സ്‌നേഹത്തോടെ ഏറ്റുവാങ്ങിയപ്പോൾ സജയകുമാറിന് സ്വപ്‌നസാക്ഷാത്കാരം.
ഇന്നലെ രാവിലെ ജില്ലയിലെ ആദ്യ സദസായ പത്തനാപുരം മണ്ഡലത്തിലെ നവകേരള സദസിലാണ് ജന്മനാ ഇരുകൈകളുമില്ലാത്ത സജയകുമാർ കാൽവിരലുകൾകൊണ്ട് അക്രിലിക് പെയിന്റിൽ വരച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഛായചിത്രം അദ്ദേഹത്തിന് സമ്മാനിച്ചത്.
ചെറുപുഞ്ചിരിയോടെ മുഖ്യമന്ത്രി അത് ഏറ്റുവാങ്ങുകയും സജയകുമാറിനോട് കാര്യങ്ങൾ തിരക്കുകയും ചെയ്തു. ഇന്നലെ രാവിലെ നടന്ന പ്രഭാത സദസിലും പത്തനാപുരം മണ്ഡലത്തെ പ്രതിനിധീകരിച്ച അതിഥിയായി സജയകുമാർ പങ്കെടുത്തിരുന്നു.
നവകേരളസദസിൽ വച്ച് മുഖ്യമന്ത്രിയുടെ ഛായാചിത്രം കൈമാറുന്നുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടിയോട് പറഞ്ഞപ്പോൾ തന്റെ ചിത്രം കൂടി വരയ്ക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
കുളക്കട സ്വദേശിയായ സജയകുമാർ ഫൈൻ ആർട്സിൽ ബിരുദാനന്തര ബിരുദധാരിയാണ്. നിലവിൽ കുളക്കട ബി.ആർ.സിയുടെ കീഴിലുള്ള സ്‌കൂളുകളിൽ സ്പെഷ്യലിസ്റ്റ് ഡ്രോയിംഗിൽ താത്കാലിക അദ്ധ്യാപകനായി ജോലിചെയ്യുകയാണ്. നിരവധി പുരസ്കാരങ്ങളും സജയകുമാറിന് ലഭിച്ചിട്ടുണ്ട്.