കൊല്ലം: മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഇന്ന് കൊല്ലത്ത് നിന്ന് മടങ്ങുമ്പോൾ തന്നെക്കുറിച്ച് എന്തെങ്കിലും പറയുമെന്ന പ്രതീക്ഷയിലാണ് കൊല്ലം പോർട്ട്!. സംസ്ഥാന സർക്കാർ ആത്മാർത്ഥമായി ഇടപെട്ടാൽ എമിഗ്രേഷൻ പോയിന്റ് അടക്കമുള്ള എല്ലാ സ്വപ്നങ്ങളും സഫലമാകുമെന്നാണ് പ്രതീക്ഷ.
എമിഗ്രേഷൻ പോയിന്റ് അനുവദിക്കുന്നതിന് മുന്നോട്ടുവച്ച സൗകര്യങ്ങളിൽ ബഹുഭൂരിപക്ഷവും സജ്ജമാക്കി സംസ്ഥാന തുറമുഖ വകുപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഇനിയും സൗകര്യങ്ങൾ സജ്ജമാകാനുണ്ടെന്നാണ് എമിഗ്രേഷൻ പോയിന്റ് വൈകുന്നതിനുള്ള കാരണമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക് സഭയിൽ വ്യക്തമാക്കിയത്. പക്ഷെ കേന്ദ്ര ആഭ്യന്തര, ഷിപ്പിംഗ് മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് ഇനി വേണ്ട സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും മനസിലാക്കി സജ്ജമാക്കാൻ സംസ്ഥാന സർക്കാർ കാര്യമായി ഇടപെടുന്നില്ലെന്ന് ആരോപണമുണ്ട്.
കൊല്ലം പോർട്ട് കേന്ദ്രീകരിച്ച് യാത്ര, ചരക്ക് കപ്പൽ സർവീസുകൾ നടത്താനുള്ള എല്ലാ ആലോചനങ്ങൾക്കും എമിഗ്രേഷൻ ചെക്ക് പോയിന്റ് ഇല്ലാത്തത് തടസമാവുകയാണ്.
അന്താരാഷ്ട്ര കപ്പൽ ചാലിനോട് അടുത്തുകിടക്കുന്നതിനാൽ എമിഗ്രേഷൻ പോയിന്റ് ഉണ്ടെങ്കിൽ വിദേശ കപ്പലുകൾ ക്രൂ ചെയ്ഞ്ചിന് കൊല്ലത്ത് അടക്കും. അതിന് പുറമേ കടൽ ക്ഷോഭം ശക്തമാകുമ്പോൾ കപ്പലുകൾക്ക് നങ്കൂരമിടാനുമാകും. അറ്റകുറ്റപ്പണിക്കും ബങ്കറിംഗിനും യാനങ്ങളെത്തും. എമിഗ്രേഷൻ ചെക്ക് പോയിന്റ് ഇല്ലാത്തതിനാൽ വല്ലപ്പോഴും എത്തുന്ന കപ്പലുകളിലെ ജീവനക്കാർക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്.
ഇന്ധന പര്യവേക്ഷണത്തിന് കരുത്താകും
കൊല്ലം തീരത്ത് ഓയിൽ ഇന്ത്യയുടെ നേതൃത്വത്തിൽ വൈകാതെ ഇന്ധന പര്യവേക്ഷണം ആരംഭിക്കും. ഇതിനുള്ള സൗകര്യങ്ങൾ കൊല്ലം പോർട്ട് കേന്ദ്രീകരിച്ച് ഒരുക്കാനാണ് ഓയിൽ ഇന്ത്യയുടെ ആലോചന. എമിഗ്രേഷൻ പോയിന്റ് വൈകിയാൽ ഇന്ധന പര്യവേക്ഷണത്തിന്റെ ഭാഗമായുള്ള വരുമാനവും നഷ്ടമാകും. കപ്പലുകളുടെ അറ്റകുറ്റപ്പണിക്കുള്ള ഫ്ലോട്ടിംഗ് ഡ്രൈ ഡോക്ക് സ്ഥാപിക്കാൻ ശക്തമായ ഇടപെടലും കൊല്ലം പോർട്ട് പ്രതീക്ഷിക്കുന്നുണ്ട്.