കൊല്ലം: പുനലൂർ മണ്ഡലത്തിലെ നവകേരള സദസിന്റെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് പുനലൂർ മുനിസിപ്പൽ സ്‌റ്റേഡിയം ഗ്രൗണ്ടിൽ നിന്ന് കൊട്ടാരക്കയിലെ വേദിയിലേക്ക് പോകാനിറങ്ങിയ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് മുന്നിലേക്ക് ചാടി യുവതിയും കുഞ്ഞും.

ഡ്രൈവർ ഉടൻ ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായി. മുഖ്യമന്ത്രിയെ കാണണം നിവേദനം നൽകണമെന്നാവശ്യപ്പെട്ടാണ് ചുവന്ന വസ്ത്രം ധരിച്ച് കുഞ്ഞിനൊപ്പമെത്തിയ യുവതി കൊട്ടാരക്കയിലേക്ക് പോകാനിറങ്ങിയ നവകേരള ബസിന് മുന്നിലേക്ക് ചാടിയത്.

സംഭവത്തെ തുടർന്ന് ബസ് രണ്ട് മിനിറ്റോളം റോഡിൽ നിറുത്തിയിട്ടു. യുവതിയെയും കുഞ്ഞിനെയും ഉടൻ തന്നെ പൊലീസും വോളണ്ടിയർമാരും ചേർന്ന് സ്ഥലത്ത് നിന്ന് മാറ്റിയശേഷമാണ് ബസ് യാത്ര തുടർന്നത്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.