കുന്നത്തൂർ: കേരളത്തെ സാമ്പത്തികമായി ഞെരുക്കി ശ്വാസം മുട്ടിക്കാൻ സ്വീകരിക്കുന്ന ഫെഡറൽ സംവിധാനത്തിന് എതിരായ നിലപാടുകളെ അനുകൂലിക്കുന്നതാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ പ്രവൃത്തികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ചക്കുവള്ളി ദേവസ്വം ബോർഡ് സ്‌കൂൾ ഗ്രൗണ്ടിൽ കുന്നത്തൂർ മണ്ഡല നവകേരള സദസ് ഉദ്‌ലാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തിന്റെ ഫെഡറൽ തത്വം ലംഘിക്കുന്ന നടപടികൾക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കാൻ നിർബന്ധിതമായി. ഈ അവസരത്തിൽ കേരളത്തിന്റെ നന്മയാണ് ആഗ്രഹിക്കുന്നതെങ്കിൽ പ്രതിപക്ഷം കേരളത്തിനൊപ്പം നിൽക്കണം. എന്നാൽ കാലങ്ങളായി കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് ഇതുതന്നെയാണെന്ന് പരിശോധിച്ചാൽ മനസിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2018 ൽ സംസ്ഥാനം ഏറ്റവും വലിയ പ്രളയം നേരിട്ടപ്പോൾ സംസ്ഥാനത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ഒന്നും അധികാരികൾ ബന്ധപ്പെട്ടവർ നൽകിയില്ല. വിതരണം ചെയ്ത അരിക്ക് വരെ അവർ കണക്ക് ചോദിച്ചു. കേരളത്തോട് സൗഹൃദമുള്ള രാജ്യങ്ങൾ കേരളത്തിന് സഹായങ്ങൾ വാഗ്ദാനം ചെയ്തപ്പോൾ അതും മുടക്കി. ഈ അവസരത്തിലലും പ്രതിപക്ഷം പ്രതികരിച്ചില്ല.

സംസ്ഥാന ആഭ്യന്തര വളർച്ചാ നിരക്ക്, തനത് വരുമാനം, നികുതി വരുമാനം, പ്രതിശീർഷ വരുമാനം എന്നിവ ഉയരുകയാണ്. അഭിവൃദ്ധിയിലേക്ക് ഉയരാനുള്ള സാഹചര്യവും ഇന്ന് കേരളത്തിലുണ്ട്. എന്നിട്ടും സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിന് കാരണം ഇത്തരം തെറ്റായ നിലപാടുകളാണ്. നമുക്ക് അർഹതപ്പെട്ട നികുതി വിഹിതവും റവന്യു കമ്മിയുടെ ഭാഗമായി ലഭിക്കേണ്ട ഗ്രാൻഡും വെട്ടിച്ചുരുക്കുന്നു. അതിനോടൊപ്പം സംസ്ഥാനത്തിന്റെ കടമെടുക്കൽ പരിധിയിൽ ഭരണഘടനാവിരുദ്ധമായി ഇടപെടുന്നു.

കഴിഞ്ഞ ഏഴര വർഷത്തിനിടെ കേരളത്തിന് ലഭിക്കേണ്ട 107500 കോടിയിലധികം രൂപ നൽകിയിട്ടില്ല. കിഫ്ബി വഴി കടമെടുക്കുന്നത് സംസ്ഥാനത്തിന്റെ കടമായാണ് കണക്കാക്കുന്നത്. അതേസമയം നാഷണൽ ഹൈവേ അതോറിറ്റി എടുക്കുന്നത് കടമായി കണക്കാക്കുന്നുമില്ല. ഇത്തരത്തിൽ വ്യത്യസ്ത നിലപാടാണ് ബന്ധപ്പെട്ടവർ സ്വീകരിക്കുന്നത്. കേരളം നേരിടുന്ന കടുത്ത വിവേചനം ജനങ്ങൾക്ക് മനസിലാക്കി നൽകാനാണ് ഈ യാത്ര സംഘടിപ്പിച്ചത്.

പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, ആരോഗ്യ മന്ത്രി വീണ ജോർജ്, ഭഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ എന്നിവർ സംസാരിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനായി. മന്ത്രിമാരായ വി.ശിവൻകുട്ടി, പി.രാജീവ്, പി.പ്രസാദ്, റോഷി അഗസ്റ്റിൻ, എം.ബി.രാജേഷ്, ആർ.ബിന്ദു, കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, വി.അബ്ദുറഹിമാൻ, കെ.രാജൻ, ആന്റണി രാജു, കെ.രാധാകൃഷ്ണൻ, വി.എൻ.വാസവൻ, കെ.കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ, സജി ചെറിയാൻ എന്നിവർ സന്നിഹിതരായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, മുൻ എം.പി കെ.സോമപ്രസാദ്, കാപ്പെക്‌സ് ചെയർമാൻ എം.ശിവശങ്കരപ്പിള്ള, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, സംഘാടക സമിതി കൺവീനർ വി.അനു തുടങ്ങിയവർ പങ്കെടുത്തു.