കുന്നത്തൂർ: കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ വിസ്മയകരമായ മാറ്റമാണ് കഴിഞ്ഞ ഏഴര വർഷമായി സർക്കാർ സാദ്ധ്യമാക്കുന്നതെന്ന് മന്ത്രി വീണ ജോർജ്. കുന്നത്തൂരിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിജ്ഞാന സംരക്ഷണ യജ്ഞത്തിന് കീഴിൽ സർക്കാർ സ്‌കൂളുകളിൽ വന്ന മാറ്റം രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നതാണെന്നും ഇതിന്റെ ഉത്തമ ഉദാഹരണമാണ് കുന്നത്തൂർ താലൂക്കിലെ സ്‌കൂളുകളെന്നും മന്ത്രി പറഞ്ഞു. സ്ഥലപരിമിതിയെന്ന പ്രശ്‌നപരിഹാരമായതോടെ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും പ്രത്യേകം ബ്ലോക്കുകൾ ഉൾപ്പെടെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ 17 കോടി രൂപയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ജില്ലാ ആശുപത്രിയിൽ സജ്ജമാക്കിയ ഹൃദ്രോഗ ചികിത്സ ഉൾപ്പെടെ നൂതന സൗകര്യങ്ങൾ ഇതിന് ഉദാഹരണമാണ്. അവയവ മാറ്റശാസ്ത്രക്രിയ ഉൾപ്പെടെ വൻ തുക ചെലവാകുന്ന ചികിത്സകൾ സംസ്ഥാനത്ത് സൗജന്യമായി നടപ്പാക്കാൻ കഴിയുന്ന വിധം ആരോഗ്യ മേഖല മാറിയെന്നും മന്ത്രി പറഞ്ഞു.

നവകേരള സദസ് കേരളത്തിന്റെ

പൊതുശബ്ദം: ജി.ആർ.അനിൽ

സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്ന തരത്തിൽ നവകേരള സദസ് കേരളത്തിന്റെ പൊതുശബ്ദമായി മാറിയെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ. കുന്നത്തൂർ നിയോജകമണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ദേശീയപാത, മലയോര, തീരദേശ പാതകൾ തുടങ്ങി സർവ മേഖലയിലെയും വികസനങ്ങൾ നടപ്പാക്കിയാണ് സർക്കാർ മുന്നേറുന്നത്. രാജ്യത്ത് ഏറ്റവും അധികം ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. 57,603 കോടി രൂപയുടെ വികസനമാണ് കഴിഞ്ഞ ഏഴ് വർഷം കൊണ്ട് സർക്കാർ നടപ്പാക്കിയത്. നാടിന്റെ സുസ്ഥിര വികസനത്തിൽ സർക്കാരിന്റെ അഭിമാന പദ്ധതിയാണ് ലൈഫെന്നും ഈ സാമ്പത്തിക വർഷം പൂർത്തിയാകുന്നതിനുമുമ്പ് നാല് ലക്ഷത്തോളം ഭവനരഹിതർക്ക് വീട് ലഭ്യമാകുകയെന്ന ലക്ഷ്യമാണ് സർക്കാരിന് മുന്നിലുള്ളത്. പ്രതികൂല സാഹചര്യത്തിലും മികച്ച ക്രമീകരണങ്ങൾ സജ്ജമാക്കിയ സംഘാടക സമിതിയെ മന്ത്രി പ്രശംസിച്ചു.