ചവറ: കേരളത്തിന്റെ വികസന നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് നവ കേരളത്തിന്റെ ഭാവി വികസന സാധ്യതകളും പരാതികളും നിവേദനങ്ങളും സമർപ്പിക്കുവാൻ കഴിയുന്ന നവ കേരള സദസ് ഇന്ന് വൈകിട്ട് 3ന് ചവറയിൽ എത്തുമ്പോൾ ചവറയിലെ തൊഴിലാളി വർഗ്ഗ പ്രസ്ഥാനവും ബഹുജനങ്ങളും മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും സ്വീകരിക്കും. ഉച്ചയ്ക്ക് 3ന് നവകേരള സദസ് ആരംഭിക്കും. ചവറ, പന്മന, തേവലക്കര, തെക്കുംഭാഗം, നീണ്ടകര, കൊല്ലം കോർപ്പറേഷനിലെ ശക്തികുളങ്ങര എന്നിവിടങ്ങളിലെ സ്ത്രീകളും കുട്ടികളും പുരുഷന്മാരും മുതിർന്നവരും അടക്കം പങ്കെടുക്കും. വികസന നിർദേശങ്ങളും പരാതികളും നിവേദനങ്ങളും ഉച്ചയ്ക്ക് 12.30 മുതൽ നൽകാം. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്ന 21 കൗണ്ടറുകൾ പ്രധാന പന്തലിന്റെ ഇടതു വശത്ത് സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. പരാതികൾ സ്വീകരിച്ച് അപ്പോൾ തന്നെ രസീത് നൽകാനും സംവിധാനം ഉണ്ട്. ഉച്ചയ്ക്ക് 12.30 മുതൽ വിവിധ കലാപരിപാടികളും ജാസി ഗിഫ്റ്റിന്റെ ഗാനമേളയും ഒരുക്കിയിട്ടുണ്ട് . നവകേരള സദസ്സിനെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുവാനുള്ള സംവിധാനവും ശുദ്ധജലവും, കുടുംബശ്രീ പ്രവർത്തകരുടെ ഫുഡ് കോർട്ട്, ആരോഗ്യവകുപ്പിന്റെ ഡോക്ടർമാരുടെ സേവനവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.