കൊല്ലം: നാടിനെയാകെ ഒരു വർഷത്തോളമായി വലച്ചിരുന്ന അഷ്ടമുടിമുക്ക്- പെരുമൺ റോഡിലൂടെ ഇനി നടുവൊടിയാതെ യാത്ര ചെയ്യാം. റോഡിന്റെ പുനർനിർമ്മാണം 60 ശതമാനത്തിനു മുകളിലേക്ക് എത്തിയതായി പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.
ആധുനിക നിലവാരത്തിലുള്ള ബി.എം.ആൻഡ് ബി.സി രീതിയിലാണ് ടാർ ചെയ്യുന്നത്. ഇതിന്റെ ആദ്യ ലെയർ ടാറിംഗ് ആയ ബി.എം (ബിറ്റുമിനസ് മെക്കാഡം) പൂർത്തിയായി. റോഡിപ്പോൾ ഗതാഗത യോഗ്യമാണ്. മുകളിലത്തെ ലെയർ ആയ ബി.സി (ബിറ്റുമിൻ കോൺക്രീറ്റ്) ടാറിംഗ് ജനുവരിയോടെ പൂർത്തിയാകും. ഫെബ്രുവരിയോടെ പൂർണതോതിൽ ഗതാഗത യോഗ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. 2.5 കോടിയാണ് നിർമ്മാണ ചെലവ്.
3.3 കിലോമീറ്റർ വരുന്ന റോഡ് ഒരു വർഷം മുൻപാണ് ആധുനിക രീതിയിൽ പുനർനിർമ്മിക്കാൻ കുത്തിയിളക്കിയത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം മേയിൽ മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടെത്തിയാണ് തുടക്കം കുറിച്ചത്. ഒരു കിലോമീറ്റളോളം ഇളക്കിയപ്പോഴാണ് ജലജീവൻ പദ്ധതിക്ക് പൈപ്പിടാൻ വാട്ടർ അതോറിട്ടിയുടെ നേതൃത്വത്തിൽ നിർമ്മാണം തുടങ്ങിയത്. ഇതോടെ റോഡിന്റെ നിർമ്മാണം ഇഴയാൻ തുടങ്ങി. മാർച്ച്- ഏപ്രിലോടെ വാട്ടർ അതോറിട്ടിയുടെ പൈപ്പിടീൽ കഴിഞ്ഞെങ്കിലും റോഡ് പണി മെറ്റൽ നിരത്തുന്നതിൽ ഒതുങ്ങി. പൈപ്പിട്ടതുമായി ബന്ധപ്പെട്ട ജോലികളാണ് പ്രധാന റോഡിന്റെ ജോലികൾ വൈകാൻ കാരണമായതെന്ന് പൊതുമരാമത്ത് വകുപ്പ് ചൂണ്ടിക്കാട്ടുന്നു. റോഡ് പണി വൈകിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഒടുവിൽ കഴിഞ്ഞ മാസത്തോടെയാണ് ആദ്യ ലെയർ ടാറിംഗ് പുർത്തിയാക്കി ഗതാഗത യോഗ്യമാക്കിയത്.
ഡ്രൈവർമാർക്ക് പേടി!
റോഡ് കുത്തിപ്പൊളിച്ചതോടെ ഓട്ടോറിക്ഷയും ടാക്‌സി വാഹനങ്ങളും അഷ്ടമുടിമുക്കിന് അപ്പുറത്തേക്ക് വരാത്ത സ്ഥിതിയായിരുന്നു. ഇളകിക്കിടന്നിരുന്ന മെറ്റൽ വാഹനയാത്രികർക്കും കാൽനട യാത്രക്കാർക്കും ഒരേപോലെയാണ് ബുദ്ധിമുട്ട് സൃഷ്ടിച്ചത്. അത്യാവശത്തിന് വിളിച്ചാൽ പോലും ഡ്രൈവർമാർ മുഖം തിരിക്കുന്ന അവസ്ഥയായിരുന്നു.