കൊല്ലം: തന്റെ നേതൃത്വത്തിലുള്ള ആദ്യ സർക്കാരിന്റെ കാലം മുതൽ കശുഅണ്ടി മേഖലയിൽ നടത്തിയ ഇടപെടലുകൾ ഇന്നലത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു.
അടഞ്ഞുകിടക്കുന്ന ഫാക്ടറികൾ തുറക്കുമെന്ന വാഗ്ദാനം 2016 ൽ അധികാരത്തിലെത്തിയ ഉടനെ സർക്കാർ നിറവേറ്റി. വ്യവസായത്തിന്റെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമുള്ള ഒട്ടേറെ നടപടികൾ സ്വീകരിച്ചു. ഭാഗിക യന്ത്രവത്കരണത്തിന്റെ ഭാഗമായി പൊതുമേഖലാ ഫാക്ടറികളിൽ കട്ടിംഗ് മെഷീനുകൾ, ഡൈനിംഗ് ഹാൾ, ഡ്രെസിംഗ് റൂം, വായനാ മുറി, ആധുനിക സൗകര്യങ്ങളോട് കൂടിയ ഇൻസിനറേറ്ററുകൾ ഘടിപ്പിച്ച ടോയ്‌ലെറ്റ് ബ്ലോക്കുകൾ, അന്തരീക്ഷ ഊഷ്മാവ് ക്രമീക്കരിക്കാൻ ടർബോ ഫാൻ, ചുമട് അനായാസമാക്കുന്ന ഹൈഡ്രോളിക്ക് പുള്ളറ്റ് ട്രെക്കുകൾ തുടങ്ങിയവ സജ്ജമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നൽകിയത് കോടികളുടെ സഹായം
 കാഷ്യു ബോർഡ് വഴി 639.42 കോടി ചെലവിൽ 63,061 മെട്രിക് ടൺ തോട്ടണ്ടി എത്തിച്ചു
 5000 മെട്രിക് ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിന് 25 കോടി രൂപ കൂടി അനുവദിച്ചു
 ഈ സാമ്പത്തിക വർഷം 175 കോടി ചെലവിൽ 17000 മെട്രിക് ടൺ തോട്ടണ്ടി വാങ്ങും
 വരും വർഷങ്ങളിൽ 30,000 മെട്രിക് ടൺ തോട്ടണ്ടി ഇറക്കുമതി
 84 കോടി രൂപ ചെലവഴിച്ച് തൊഴിലാളികളുടെ 10 വർഷത്തെ ഗ്രാറ്റുവിറ്റി തീർപ്പാക്കി
 കശുഅണ്ടി വ്യവസായ മേഖലയുടെ പുനരുദ്ധാരണത്തിന് 37 കോടി രൂപ അനുവദിച്ചു
 20 കോടി രൂപ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിന്
 കാഷ്യു കോർപ്പറേഷനിൽ 1000 തൊഴിലാളികൾക്ക് വൈകാതെ നിയമനം