
കൊല്ലം: കേരളത്തിൽ ക്രമസമാധാനനില ഭദ്രമാണെന്ന് കോഴിക്കോട് മിഠായിത്തെരുവിൽ ഇറങ്ങിനടന്ന് ഗവർണർ സ്വയം മനസിലാക്കിയെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യം രാജ്യത്തെയും ഗവർണർ ബോദ്ധ്യപ്പെടുത്തി.
മുൻകൂട്ടി അറിയിക്കാതെ ഇറങ്ങിനടക്കുന്നത് പ്രോട്ടോക്കോൾ ലംഘനമാണ്. ഇതുപോലുള്ള സ്ഥാനത്തിരിക്കുന്നവർ ചെയ്യേണ്ട നടപടിയല്ലിത്. ഒരു നോട്ടീസും നൽകാതെ ഇറങ്ങിനടക്കാൻ കഴിയുന്ന എത്ര സ്ഥലങ്ങൾ രാജ്യത്ത് വേറെയുണ്ട്. അതാണ് കേരളത്തിന്റെ പ്രത്യേകത. എന്നുവച്ച് പ്രോട്ടോക്കാൾ ലംഘിച്ചത് അനുകരണീയ മാതൃകയല്ല. ചെയ്തത് തീർത്തും തെറ്റാണ്. അദ്ദേഹത്തിന് വേറെന്തെങ്കിലും ഉദ്ദേശ്യം ഉണ്ടോയെന്ന് അറിയില്ല. ഗവർണർ ആക്രമിക്കപ്പെട്ടാൽ സർക്കാരിനെ പിരിച്ചുവിടാനുള്ള ന്യായമായെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ വഴിക്ക് ചിന്തിച്ചിട്ടുണ്ടോയെന്ന് അറിയില്ല.
ഗവർണർ വേണ്ടെന്നു പറഞ്ഞാലും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ നൽകും. അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾ വച്ചല്ല സുരക്ഷ നൽകുന്നത്.
വിദഗ്ദ്ധസമിതിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ കശുഅണ്ടി മേഖലയിൽ സമഗ്ര പരിഷ്കരണം നടപ്പാക്കും. ഈ സർക്കാർ കശുഅണ്ടി വികസന കോർപ്പറേഷനിൽ 3012 തൊഴിലാളികളെ നിയമിച്ചു. 1000 തൊഴിലാളികളെ കൂടി നിയമിക്കും. തൊഴിൽ നഷ്ടപ്പെട്ട സ്വകാര്യ ഫാക്ടറികളിലെ 250 പേർക്ക് കാപ്പെക്‌സിൽ നിയമനം നൽകി.
തദ്ദേശ സേവനങ്ങൾ കെ സ്മാർട്ടിൽ
തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ സേവനവും ഓൺലൈനാക്കുന്ന കെ സ്മാർട്ട് സോഫ്ട്‌വെയർ ജനുവരി ഒന്ന് മുതൽ മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും പ്രവർത്തനം ആരംഭിക്കും. 2024 ഏപ്രിൽ ഒന്ന് മുതൽ ഗ്രാമപഞ്ചായത്തുകളിലും വ്യാപിപ്പിക്കും. രാജ്യത്ത് ആദ്യമാണിത്. കാര്യക്ഷമത വർദ്ധിപ്പിക്കുക, അഴിമതി ഇല്ലാതാക്കുക, സേവനം അതിവേഗം ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യം.
ഓഫീസ് കയറി ഇറങ്ങേണ്ട
സർട്ടിഫിക്കറ്റുകൾ ഇ-മെയിലിയും വാട്‌സ് ആപ്പിലും
അപേക്ഷിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ ബിൽഡിംഗ് പെർമിറ്റ്
ജനന - മരണ രജിസ്‌ട്രേഷൻ, തിരുത്തൽ
എവിടെ നിന്നും ഓൺലൈനായി വിവാഹം രജിസ്‌റ്റർ ചെയ്യാം
സംരംഭകർക്ക് ഓൺലൈനായി ലൈസൻസ്
കെട്ടിടനമ്പരും നികുതിയും അടയ്ക്കാം
അപേക്ഷ തീർപ്പാക്കൽ വിലയിരുത്താൻ ഡാഷ് ബോർഡ്