പുനലൂർ: തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തെന്മലയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികളുടെ എണ്ണത്തിൽ കുറവില്ല. എന്നാൽ വേണ്ടത്ര സൗകര്യമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നാണ് ഉത്തരം. തെന്മല ഗ്രാമ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ തെന്മല ജംഗ്ഷനിലുള്ള കുടുംബാരോഗ്യകേന്ദ്രത്തിൽ നൂറുകണക്കിന് രോഗികളാണ് ദിവസവും ചികിത്സ തേടിയെത്തുന്നത്. പകർച്ചപ്പനി അടക്കമുള്ള രോഗങ്ങൾ ഇപ്പോൾ വ്യാപകമായതോടെ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. പഞ്ചായത്തിലെ 15വാർഡുകളിൽ നിന്നുള്ള നൂറുകണക്കിന് രോഗികളാണ് തെന്മല കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തുന്നത്. എന്നാൽ രോഗം വഷളായവരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഇവിടില്ല.
താലൂക്ക് ആശുപത്രി ആശ്രയം
രോഗികളെ കിടത്തി ചികിത്സിക്കാത്തതിനാൽ 20 കിലോ മീറ്റർ സഞ്ചരിച്ച് പുനലൂർ ഗവ.താലൂക്ക് ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. തോട്ടം തൊഴിലാളികൾക്ക് പുറമെ ആദിവാസികളും കർഷകരും കൂലിപ്പണിക്കാരും തിങ്ങി പാർക്കുന്ന പഞ്ചായത്തിലാണ് കുടുംബാരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്. പ്രാഥമികാരോഗ്യകേന്ദ്രമായി പ്രവർത്തിച്ചിരുന്ന ആതുരാലയത്തെ അഞ്ച് വർഷം മുമ്പാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. തെന്മല പഞ്ചായത്തിന് പുറമെ സമീപ പഞ്ചായത്തായ കുളത്തൂപ്പുഴ, ആര്യങ്കോവ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള രോഗികളും തെന്മലയിലെ കുടുംബാരോഗ്യകേന്ദ്രത്തിലെത്തിയാണ് ചികിത്സ തേടുന്നത്.
സൗകര്യവും വിദഗ്ദ്ധ ചികിത്സയും
രോഗ ബാധിതരുടെ എണ്ണം വർദ്ധിച്ചെങ്കിലും അതിന് അനുസരിച്ചുള്ള സൗകര്യവും വിദഗ്ദ്ധ ചികിത്സയും ഒരുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഇവിടെ രോഗികളെ കിടത്തി ചികിത്സിക്കണമെന്ന ആവശ്യം ഉയർന്നിട്ട് മൂന്ന് വർഷം പിന്നിടുകയാണ്. പഞ്ചായത്തിന്റെ ഏറ്റവും കിഴക്ക് ഭാഗത്തുള്ള കുടുംബാരോഗ്യകേന്ദ്രത്തിൽ ഓലപ്പാറ, ചെറുകടവ്, ചാലിയക്കര അടക്കമുള്ള സ്ഥലങ്ങളിലെ രോഗികൾക്ക് ചികിത്സ തേടിയെത്താനും ബുദ്ധിമുട്ടാണ്.