കരുനാഗപ്പള്ളി: നവകേരള സദസിൽ പങ്കെടുക്കാൻ കരുനാഗപ്പള്ളിയിൽ എത്തിയ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുനാഗപ്പള്ളി ടൗണിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മുഖ്യമന്ത്രി എത്തുന്നതിന് രണ്ടുമണിക്കൂർ മുമ്പാണ് പ്രതിഷേധ മാർച്ച് നടത്തിയത്. ഇന്നലെ രാവിലെ 10.30 ഓടെ കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. കറുത്ത ബലൂണുകളും കറുത്ത ബാനറും പിടിച്ചാണ് പ്രതിഷേധക്കാർ സമരത്തിൽ പങ്കെടുത്തത്. പ്രകടനം തുടങ്ങി 100 മീറ്ററോളം തെക്ക് മാറി ഹൈസ്കൂൾ ജംഗ്ഷന് സമീപം വെച്ച് മാർച്ചിനെ പൊലീസ് തടഞ്ഞു. പൊലീസ് നിരയെ തള്ളി നീക്കി മുന്നോട്ട് പോകാനുള്ള പ്രതിഷേധക്കാരുടെ ശ്രമം പൊലീസ് വിഫലമാക്കി . തുടർന്ന് പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി. സമരക്കാർ ദേശീയപാതയിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സമരത്തിൽ പങ്കെടുത്ത വനിതകൾ ഉൾപ്പെടെയുള്ളവരെ ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. ഇവരെ ഓച്ചിറ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പരിപാടിക്ക് ശേഷം എല്ലാവരെയും ജാമ്യത്തിൽ വിട്ടയച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, അഡ്വ.കെ.എ.ജവാദ്, ചിറ്റുമൂലനാസർ, നജീം മണ്ണേൽ, ഷിബു എസ്.തൊടിയൂർ. കെ.എസ്.പുരം സുധീർ, സി.ഒ.കണ്ണൻ, ജയകുമാർ, ബിന്ദു ജയൻ, സെവന്തികുമാരി വരുൺ ആലപ്പാട് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. നവകേരള സദസിന്റെ ഭാഗമായി ചൊവ്വാഴ്ച പുലർച്ചെ നിരവധി യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കരുനാഗപ്പള്ളി ടൗണിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യ മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാട്ടി. ഇതിൽ പങ്കെടുത്ത നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു.