
 തിരിച്ചടിച്ച് യൂത്ത് കോൺഗ്രസ്
 നേരിട്ടത് കമ്പുകൊണ്ട്
 ഇരു ഭാഗത്തും പരിക്ക്
കൊല്ലം: അടികൊള്ളുന്നതിനും കണക്കില്ലേ. മുഖ്യമന്ത്രിയുടെ അനുഗ്രഹത്തോടെയുള്ള ഡി.വൈ.എഫ്.ഐ ജീവൻരക്ഷ കാസർകോട് മുതൽ സഹിക്കുന്ന യൂത്ത് കോൺഗ്രസുകാർ ഇന്നലെ കൊല്ലത്ത് തിരിച്ചടിച്ചു. കണ്ണിൽ കുരുമുളക് സ്പ്രേയുമടിച്ചു.
കൊല്ലം നഗരത്തിലായിരുന്നു വടിയും തടിക്കഷണങ്ങളുമായി ഇരുവിഭാഗവും ഏറ്റുമുട്ടിയത്. മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിക്കുന്നതിനിടെ ആക്രമണം അഴിച്ചുവിട്ട ഡി.വൈ.എഫ്.ഐക്കാരെ നേരിടുകയായിരുന്നു. പൊലീസ് ജീപ്പിൽ കൊണ്ടുപോകുന്നതിനിടെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചവർക്കു നേരെയാണ് പെപ്പർ സ്‌പ്രേ പ്രയോഗിച്ചത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണുസുനിൽ പന്തളത്തിന് തലയ്ക്ക് പരിക്കേറ്രു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, സംസ്ഥാന സെക്രട്ടറി ശരത്ത് മോഹൻ, ജില്ലാ വൈസ് പ്രസിഡന്റ് ആദർശ് ഭാർഗവൻ എന്നിവർക്കും ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോ. സെക്രട്ടറി സുമേഷ്, സി.പി.എം പ്രവർത്തകൻ ബെൻ എന്നിവർക്കും പരിക്കേറ്റു.
ഇന്നലെ രാവിലെ 11.45ന് ബിഷപ്പ് ജെറോം നഗറിനും ചിന്നക്കട ബസ് ബേയ്ക്കും ഇടയിലായിരുന്നു ഏറ്റുമുട്ടൽ. ബീച്ച് ഹോട്ടലിൽ നിന്ന് കരുനാഗപ്പള്ളിയിലെ സദസിലേക്ക് നവകേരള ബസ് കടന്നുപോകവേ ബിഷപ്പ് ജെറോം നഗറിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് പിന്നാലെ വന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇതോടെ അടി തുടങ്ങി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരിച്ചും ആക്രമിച്ചു.
റസ്റ്റോറന്റിൽ
യുവതിക്കും അടി
പൊലീസ് ലാത്തിച്ചാർജ്ജ് നടത്തിയതോടെ ഇരുവിഭാഗവും ബിഷപ്പ് ജെറോം നഗറിലേക്ക് മാറി പരസ്പരം ഏറ്റുമുട്ടി. ചവിട്ടേറ്റ് നിലത്തുവീണ വിഷ്ണു സുനിലിനെ ഡി.വൈ.എഫ്.ഐക്കാർ സംഘം ചേർന്ന് മർദ്ദിച്ചു. ജെറോം നഗറിലെ റസ്റ്റോറന്റിലേക്കും സംഘർഷം വ്യാപിച്ചു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവതിക്ക് അടിയേറ്റു. റസ്റ്റോറന്റിന്റെ ഗ്ലാസ് ചില്ലുകൾ തകർന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. സാരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.