roler-

കൊല്ലം: ചണ്ഡിഗഡിലും ചെന്നൈയിലുമായി നടക്കുന്ന 61-ാമത് ദേശീയ കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻ ഷിപ്പിൽ കേരളം മുന്നേറ്റം തുടരുന്നു.

ചണ്ഡിഗഡിൽ കേഡറ്റ് വിഭാഗം മിക്സഡ് റോളർ ഹോക്കിയിൽ സ്വർണവും സബ് ജൂനിയറിൽ വെങ്കലവും കേഡറ്റ് പെൺകുട്ടികളിൽ വെങ്കലവും കേരളം സ്വന്തമാക്കി. ഞായറാഴ്ച നടന്ന ജൂനിയർ ആൺകുട്ടികളുടെ റോളർ ഹോക്കിയിൽ എതിരില്ലാത്ത പത്ത് ഗോളുകൾക്ക് ഗുജറാത്തിനെയും പുരുഷ വിഭാഗത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആന്ധ്രാപ്രദേശിനെയും കേരളം തോൽപ്പിച്ചു.

ജൂനിയർ മിക്സഡ് വിഭാഗത്തിൽ കേരളം ജമ്മുകാശ്‌മീരുമായി സമനിലയിലെത്തി. ഇന്നലെ നടന്ന ജൂനിയർ പെൺകുട്ടികളുടെ മഹാരാഷ്ട്രയുമായുള്ള മത്സരത്തിൽ വാക്കോവറിൽ കേരളം വിജയിച്ചു.

സ്‌കേറ്റ് ബോർഡിംഗിൽ ഏഴ് സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമുൾപ്പെടെ 11 മെഡലുകൾ കേരളം കരസ്ഥമാക്കി. റോളർ സ്‌കൂട്ടർ വിഭാഗത്തിൽ ഒരു വെള്ളിയും ഒരു വെങ്കലവും ആൽപൈൻ, ഡൗൺഹിൽ മത്സരത്തിൽ രണ്ട് സ്വർണവും രണ്ട് വെള്ളിയും ആർട്ടിസ്റ്റിക് സ്കേറ്റിംഗിൽ ഒരു സ്വർണവും രണ്ട് വെങ്കലവും കേരളം നേടി.

ചെന്നൈയിൽ തുടങ്ങിയ സ്പീഡ് സ്‌കേറ്റിംഗ് (റോഡ്, റിംഗ്) മത്സരത്തിൽ ഒരു വെള്ളിയും രണ്ട് വെങ്കലവും കേരളം കരസ്ഥമാക്കി. ഇൻലൈൻ ഫ്രീസ്റ്റൈൽ സ്‌കേറ്റിംഗ്, റോളർ ഫ്രീസ്റ്റൈൽ, ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവർ ഉൾപ്പെടെ 278 സ്‌കേറ്റിംഗ് താരങ്ങളാണ് ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. മത്സരം 25ന് സമാപിക്കും.