എഴുകോൺ : കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും സായാഹ്ന ഒ.പി തുടങ്ങാതെ എഴുകോൺ കുടുംബാരോഗ്യ കേന്ദ്രം.
എഴുകോൺ ഗ്രാമ പഞ്ചായത്തിന്റെ പ്ലാക്കാട്, പോച്ചംകോണം ആരോഗ്യ കേന്ദ്രങ്ങളിൽ ആറ് മാസം മുമ്പാണ് സായാഹ്ന ഒ.പി ഉദ്ഘാടനം ചെയ്തത്. ആർഭാട പൂർണമായിരുന്നു ഉദ്ഘാടനം. മന്ത്രി ബാലഗോപാലിനെ തന്നെ പഞ്ചായത്ത് ഉദ്ഘാടകനുമാക്കി.ഉച്ചയ്ക്ക് 2ന് ശേഷം വൈകിട്ട് 6 വരെ ഡോക്ടറുടെ സേവനം ഉറപ്പാക്കാനായാണ് സായാഹ്ന ഒ.പി തുടങ്ങിയത്.
സായാഹ്ന ഒ.പി.യിൽ ഡോക്ടർമാരില്ല
ദേശീയ ആരോഗ്യ മിഷൻ വഴി ഡോക്ടറെ നിയോഗിക്കാനായിരുന്നു പദ്ധതി. ഡോക്ടർക്ക് പുറമേ ആവശ്യമായിട്ടുള്ള നഴ്സിനെയും ഫാർമസിസ്റ്റിനെയും പഞ്ചായത്തും നിയോഗിക്കണം. ഇതിൻ പ്രകാരം പോച്ചംകോണത്തും പ്ലാക്കാട്ടും നഴ്സുമാരെയും ഫാർമസിസ്റ്റുകളെയും പഞ്ചായത്ത് നിയമിച്ചെങ്കിലും എൻ.എച്ച്.എം മുഖാന്തിരമുള്ള ഡോക്ടർ പ്ലാക്കാട് കേന്ദ്രത്തിൽ മാത്രമാണ് എത്തിയത്. പോച്ചംകോണത്ത് എൻ.എച്ച്.എം ഡോക്ടറെ നിയമിച്ച് ഉത്തരവ് നൽകിയെങ്കിലും ചാർജ് എടുക്കാതെ ഒഴിവാകുകയായിരുന്നു. പിന്നീട് നിരവധി തവണ പഞ്ചായത്ത് ആവശ്യപ്പെട്ടെങ്കിലും എൻ.എച്ച്.എം. അധികൃതർ കൈ മലർത്തി. സായാഹ്ന ഒ.പി.യിൽ ജോലി നോക്കാൻ എൻ.എച്ച്.എം ലിസ്റ്റിലുള്ള ഡോക്ടർമാർക്കുള്ള വിമുഖതയാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സൂചന. സാധാരണക്കാർക്ക് ആശ്രയമാകേണ്ട പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നിലവിലെ ദുസ്ഥിതിക്ക് ഉദാഹരണമാണ് പോച്ചം കോണം ആരോഗ്യ കേന്ദ്രത്തിന്റെ ഈ സ്ഥിതി. സായാഹ്ന ഒ.പിക്കായി പഞ്ചായത്ത് നിയോഗിച്ച ജീവനക്കാർ ഉണ്ടായിട്ടും ഡോക്ടർ ഇല്ലാത്തതിന്റെ ഉത്തരവാദിത്തം ആര് വഹിക്കുമെന്നാണ് നാട്ടുകാരുടെ ചോദ്യം.
പഞ്ചായത്ത് പരിധിയിലെ രണ്ട് കുടുംബരോഗ്യകേന്ദ്രങ്ങളിലും സായാഹ്‌ന ഒ.പി ആരംഭിക്കുന്നതിന് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ശമ്പളത്തിനുള്ള തുക വകയിരുത്തി ഫാർമസിസ്റ്റ്, നഴ്സ് എന്നിവരെ നിയമിച്ചിരുന്നു.പ്ലാക്കാട് എഫ്.എച്ച്.സിയിൽ മാത്രമാണ് ഡോക്ടർ ചാർജ്ജ് എടുത്തത്. പോച്ചംകോണത്തേക്ക് നിലവിൽ ഡോക്ടർമാരെ ലഭ്യമല്ല എന്നാണ് ഇപ്പോൾ മറുപടി ലഭിക്കുന്നത്.
രതീഷ് കിളിത്തട്ടിൽ
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് .
പോച്ചംകോണം ആരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി പ്രവർത്തിപ്പിക്കാൻ അടിയന്തര നടപടി വേണം.
ജി. രഞ്ജിത്ത്
ജില്ലാ ജോ.സെക്രട്ടറി, എ.ഐ.വൈ.എഫ്