കൊല്ലം: കൊട്ടിയം എസ്.എൻ പോളിടെക്നിക്കിൽ, കോളേജിലെ ശ്രീനാരായണ സ്റ്റഡി ഫോറത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച ഗുരുദേവന്റെ വെണ്ണക്കൽ പ്രതിമയുടെയും വെണ്ണക്കല്ലിൽ നിർമ്മിച്ച ആർ. ശങ്കറിന്റെ അർദ്ധകായ പ്രതിമയുടെയും അനാച്ഛാദനം നാളെ രാവിലെ 11ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും.

കോളേജിൽ പുതുതായി ആരംഭിച്ച ഓട്ടോമൊബൈൽ സർവീസിംഗ് ഡി വോക് കോഴ്സിന്റെ ഉദ്ഘാടനം, ഇൻഡസ്ട്രി ഓൺ കാമ്പസ് എന്ന സന്ദേശം ഉയർത്തി ടാൽറോപ്പുമായി ചേർന്ന് കാമ്പസിൽ ആരംഭിക്കുന്ന ടെക്കീസ് പാർക്കിന്റെ പ്രഖ്യാപനം എന്നിവയും വെള്ളാപ്പള്ളി നിർവഹിക്കും. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിക്കും.

എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, സെക്രട്ടറി കെ. വിജയകുമാർ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗം പി. സുന്ദരൻ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ആർ. രാമചന്ദ്രൻ, അസാപ് കേരള ട്രെയിനിംഗ് മാനേജർ സജി, ടാൽറോപ് ഡയറക്ടർമാരായ അജീഷ് സതീശൻ, അനസ് അബ്ദുൾ ഗഫൂർ എന്നിവർ മുഖ്യാതിഥികളാകും. കോളേജ് പ്രിൻസിപ്പൽ വി. സന്ദീപ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ആർ. അനൂപ്, കൺവീനർ എസ്. സനിൽകുമാർ, ശ്രീനാരായണ സ്റ്റഡി ഫോറം കൺവീനർ സാബു.ജി ഗോപിനാഥൻ എന്നിവർ സംസാരിക്കും. കേരള ഡെവലപ്പ്മെന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ യംഗ് ഇന്നൊവേറ്റീവ് പ്രോഗ്രാമിൽ ഏറ്രവും കൂടുതൽ ആശയങ്ങൾ പങ്കുവച്ച കോളേജിനുള്ള സർട്ടിഫിക്കറ്റ് ചടങ്ങിൽ കൈമാറും. ചന്ദ്രയാൻ- 3 ദൗത്യത്തിൽ പങ്കാളികളായ കോളേജിലെ പൂർവ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും.