
കൊല്ലം: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ നേരിൽ കണ്ട് സംസാരിക്കണമെന്ന ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് മൈക്രോ പ്ളാന്റുകൾ തയ്യാറാക്കിയതിലൂടെ സർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്കാരത്തിന് അർഹനായ എസ്.സിദ്ധി വിനായക് (6).
കൊച്ചുമിടുക്കനെ കരുനാഗപ്പള്ളി മണ്ഡലം നവകേരള സദസിന്റെ ഭാഗമായി കൊല്ലത്ത് നടന്ന പ്രഭാത യോഗത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. സദസിൽ മന്ത്രിയുടെ തൊട്ടടുത്ത് തന്നെ സിദ്ധി ഇരുന്നു. മന്ത്രി അപ്പൂപ്പനുമായി സംസാരിച്ചു. ഒന്നിച്ച് ഭക്ഷണം കഴിച്ചു. പേന സമ്മാനമായി നൽകിയശേഷം നന്നായി പഠിക്കണമെന്ന് മന്ത്രി അപ്പൂപ്പൻ ഉപദേശിച്ചു. മൈക്രോ ഗ്രീൻസ് കൃഷി പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കിയാലുള്ള നേട്ടങ്ങൾ സംബന്ധിച്ച പ്രോജക്ട് സിദ്ധി മന്ത്രിക്ക് കൈമാറി.
ഒന്നാം ക്ളാസിൽ ചേരുന്നതറിയിച്ച് രണ്ട് വർഷം മുമ്പ് സിദ്ധി മന്ത്രി വി.ശിവൻകുട്ടിക്ക് കത്തെഴുതിയിരുന്നു. കത്ത് ഫേസ് ബുക്കൽ ഷെയർ ചെയ്ത് സിദ്ധിയെ ഒരിക്കൽ കാണുമെന്നും മന്ത്രി കുറിച്ചു. ആ കാത്തിരിപ്പാണ് ഇപ്പോൾ സഫലമായത്. ഇതിനിടെയാണ് സഹപാഠികളായ 470 പേർക്ക് നൽകാനായി പയർ വർഗ ചെടികൾ തയ്യാറാക്കിയതിന് ഉജ്ജ്വലബാല്യം പുരസ്കാരം ക്ളാപ്പന സെന്റ് ജോസഫ് യു.പി സ്കൂളിലെ രണ്ടാം ക്ളാസ് വിദ്യാർത്ഥിയായ സിദ്ധിയെ തേടിയെത്തിയത്. കരുനാഗപ്പള്ളി ആദിനാട് വടക്ക് ചക്കാലത്തറയിൽ പ്രവാസിയായ സജിത്തിന്റെയും അദ്ധ്യാപികയായ ഹനാൻ ബാബുവിന്റയും മകനാണ്.