3.704 കോടി രൂപ ചെലവിൽ
കരുനാഗപ്പള്ളി : മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം കരുനാഗപ്പള്ളി ഫയർ ഫോഴ്സിന് സ്വന്തമായി കെട്ടിടം ഉയർന്നു. കരുനാഗപ്പള്ളി ടൗണിന്റെ ഹൃദയ ഭാഗത്ത് ദേശീയ പാതയോരത്താണ് ബഹുനില മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയായത്. ഒന്നര വർഷത്തിന് മുമ്പ് നിർമ്മാണം ആരംഭിച്ച കെട്ടിടം കഴിഞ്ഞ മാസം 30 ന് പൂർത്തിയായി. 3.704 കോടി രൂപയാണ് കെട്ടിടത്തിന്റെ അടങ്കൽ തുക. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ നിൽക്കുന്ന സ്ഥലത്തിന്റെ തെക്ക് ഭാഗത്ത് ഫയർഫോഴ്സിന് വിട്ടു നൽകിയ 20 സെന്റ് ഭൂമിയിലാണ് ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. കേരളത്തിലെ പ്രമുഖ കെട്ടിട നിർമ്മാണ കമ്പനിയായ പാലക്കോട്ട് ബിൽഡേഴ്സാണ് നിർമ്മാതാക്കൾ. പൊതുമരാമത്ത് വകുപ്പിനായിരുന്നു മേൽനോട്ട ചുമതല.
ഉദ്ഘാടനം ഉടൻ
കെട്ടിടം രണ്ട് നിലയാണെങ്കിലും 3 ലെവലായിട്ടാണ് നിർമ്മിച്ചിരിക്കുന്നതെന്ന് കോൺട്രാക്ടർ പി.എൻ.സുരേഷ് പറഞ്ഞു. താഴത്തെ നിലയിൽ ഗ്യാരേജ്, സ്റ്റോർ, കിച്ചൺ, ഓഫീസ്, കൺട്രോൾ റൂും. രണ്ടാമത്തെ നിലയിൽ ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം, ജിം, റെസ്റ്റ്റൂം, സന്ദർശക മുറി എന്നിവയുമാണ്. ഫയർ സ്റ്റേഷൻ ഓഫീസർ ഉൾപ്പെടെ 45 ജീവനക്കാരാണ് ഉള്ളത്. 4 വാട്ടർ ടെന്റർ ഉൾപ്പെടെ 7 വാഹനങ്ങളും ഉണ്ട്. കൊല്ലം ജില്ലയിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി നിർമ്മിച്ച ആദ്യ ഫയർ സ്റ്റേഷൻ മന്ദിരമാണിത്. കെട്ടിടത്തിന്റെ ഉദ്ഘാടനം ഉടനെ ഉണ്ടാകും.
എം.എൽ.എയുടെ ഇടപെടൽ
1987 ൽ പി.എസ്.ശ്രീനിവാസൻ കരുനാഗപ്പള്ളി എം.എൽ.എ യും റവന്യൂ വകുപ്പ് മന്ത്രിയും ആയിരുന്നപ്പോഴാണ് ഫയർ സ്റ്റേഷൻ കരുനാഗപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചത്. അന്നു മുതൽ ഫയർ സ്റ്റേഷൻ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കരുനാഗപ്പള്ളി നഗരത്തിൽ ഫയർ സ്റ്റേഷന് ഭൂമി കണ്ടെത്താൻ കഴിയാത്തതിനാലായിരുന്നു വാടക കെട്ടിടത്തിൽ പ്രവർത്തിക്കേണ്ടി വന്നത്. മുൻ എം.എൽ.എ ആർ. രാമചന്ദ്രനാണ് സ്ഥലത്തിന് വേണ്ടിയുള്ള തീവ്ര ശ്രമം ആരംഭിച്ചത്. കേരളത്തിൽ ഭൂമിക്ക് ഏറ്റവും കൂടുതൽ മോഹവിലയുള്ള ടൗണാണ് കരുനാഗപ്പള്ളി. ഇവിടെ ഫയർ ഫോഴ്സിന് വേണ്ടി സ്ഥലം കണ്ടെത്തുക അസാധ്യമായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന് ആവശ്യത്തിലധികം സ്ഥലമുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ആർ.രാമചന്ദ്രൻ സർക്കാരിൽ നിരന്തരമായി സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് ഫയർ ഫോഴിസിന് കെട്ടിടം നിർമ്മിക്കാൻ ആഭ്യന്തര വകുപ്പ് 20 സെന്റ് സ്ഥലം നൽകുകയായിരുന്നു. തുടർന്ന് കെട്ടിട നിർമ്മാണത്തിനായി സർക്കാർ ബഡ്ജറ്റിൽ പണം വകയിരുത്തുകയും നടപടികൾ പൂർത്തിയാക്കി കെട്ടിട നിർമ്മാണം ആരംഭിക്കുകയും ചെയ്തു.