കടയ്ക്കൽ: ജനകീയ മന്ത്രിസഭ ജനങ്ങളിലേക്ക് എന്ന സന്ദേശമുയർത്തി ജനാധിപത്യ ചരിത്രത്തിലെ അപൂർവതകളിലൊന്നായി മാറിയ നവകേരള സദസിനെ കടയ്ക്കലിൽ ജനസാഗരം സ്വീകരിച്ചു. കടയ്ക്കൽ ബസ് സ്റ്റാൻഡ് മൈതാനിയിലാണ് ചടയമംഗലം നിയോജക മണ്ഡലത്തിലെ നവകേരള സദസ് സംഘടിപ്പിച്ചത്. കടയ്ക്കൽ തിരുവാതിരക്ക് ജനസാഗരം ഒഴുകിയെത്താറുള്ള ക്ഷേത്ര മൈതാനിയിലാണ് ആദ്യം നവകേരള സദസിനായി നിശ്ചയിച്ചത്. എന്നാൽ ബസ് സ്റ്റാൻഡ് മൈതാനിയിലേക്ക് മാറ്റിയിട്ടും ആവേശം ചോർന്നില്ല. വേദിമാറ്റിയ പ്രതിസന്ധികൾക്കിടയിലും മനോഹരമായ പന്തലൊരുക്കി 4500 കസേരകൾ നിരത്തി. ഉച്ച പിന്നിട്ടപ്പോൾത്തന്നെ കസേരകൾ നിറഞ്ഞു. മൂന്നുമണിയോടെ മന്ത്രിമാരുടെ വാഹനങ്ങൾ വന്നുതുടങ്ങി. അപ്പോഴേക്കും കാൽ ചവിട്ടാനിടമില്ലാത്തവിധം ബസ് സ്റ്റാൻഡ് മൈതാനവും വഴികളുമെല്ലാം ആളുകളെക്കൊണ്ടുനിറഞ്ഞു. കുടുംബശ്രീ, തൊഴിലുറപ്പ്, അങ്കണവാടി, ആശാവർക്കർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കശു അണ്ടി തൊഴിലാളികൾ, വ്യവസായ പ്രമുഖർ, പാർട്ടി പ്രവർത്തകർ തുടങ്ങി നാനാതുറകളിൽ നിന്നുള്ള ആളുകളും എത്തി. മന്ത്രി ജെ.ചിഞ്ചുറാണിയുടെ അദ്ധ്യക്ഷതയിൽ യോഗത്തിൽ മന്ത്രി ആഹമ്മദ് ദേവർകോവിലിന് ശേഷം മന്ത്രി കെ.എൻ. ബാലഗോപാൽ പ്രസംഗിക്കവെ മുസ്ളീം പള്ളിയിലെ വാങ്ക് വിളിശബ്ദം കേട്ടതിനാൽ അല്പനേരം പ്രസംഗം നിറുത്തിവച്ചു. തുടർന്ന് മന്ത്രി കെ.രാജൻ സംസാരിച്ചുകൊണ്ടിരിക്കെയാണ് 4.24ന് നവകേരള ബസ് മൈതാനത്തിലേക്ക് കടന്നെത്തിയത്. ക്ഷമയോടെ പ്രസംഗം കേട്ടിരുന്ന ആളുകൾ ഇളകി, ആവേശം മുദ്രാവാക്യങ്ങളായി. അവർക്കിടയിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക് നടന്നുനീങ്ങിയപ്പോഴും മുദ്രാവാക്യത്തിന്റെ മുഴക്കമേറുകയായിരുന്നു. കടയ്ക്കൽ വിപ്ളവ സ്മാരകത്തിന്റെ ചെറു പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും നൽകി സ്വീകരിച്ചു. 4.33ന് ഉദ്ഘാടന പ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി നവകേരള സദസിന്റെ പ്രാധാന്യവും പ്രതിപക്ഷത്തിന്റെ നിസഹകരണവും കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ പ്രവർത്തനങ്ങളുമടക്കം അടുക്കും ചിട്ടയോടെയും പറഞ്ഞു. 5.1ന് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചു.

അതിജീവനമുത്തുകൾക്ക് ആദരം

ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ തിരിച്ചുകിട്ടിയതിന്റെയും സംഭവത്തിനുത്തരവാദികളായവരെ പിടികൂടി ജയിലിൽ അടച്ചതിന്റെയും സന്തോഷം നവകേരള സദസിലും പ്രതിഫലിച്ചു. കുട്ടിയെയും സഹോദരനെയും മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽവച്ച് ചേർത്തുപിടിച്ചു. ഇരുവർക്കും ഉപഹാരങ്ങൾ നൽകി. കുടുംബത്തോടൊപ്പമാണ് കുട്ടികൾ നവകേരള സദസിലേക്ക് എത്തിയത്.

പരിഹാരം കാത്ത്

രാവിലെ 11 മുതൽ നവകേരള സദസ് നടക്കുന്ന സ്ഥലത്ത് സജ്ജീകരിച്ച കൗണ്ടറുകൾ പ്രവർത്തനം തുടങ്ങിയിരുന്നു. ഭിന്നശേഷിക്കാർക്കും മുതിർന്നവർക്കും സ്ത്രീകൾക്കും പൊതുവിഭാഗത്തിനുമായി ക്രമീകരിച്ച 21 കൗണ്ടറുകളാണ് സജ്ജമാക്കിയിരുന്നത്. നാടിന്റെ പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ, വസ്തു സംബന്ധമായ വിഷയങ്ങൾ, കടബാദ്ധ്യതകൾ, സഹായങ്ങൾക്കുള്ളത്, ബിസിനസ് രംഗങ്ങളുമായി ബന്ധപ്പെട്ടത് തുടങ്ങി 4526 പരാതികളും നിവേദനങ്ങളും ലഭിച്ചു.