കടയ്ക്കൽ: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ കേരളവിരുദ്ധ മനസിനൊപ്പമാണ് കേരളത്തിലെ പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടയ്ക്കലിൽ നവകേരള സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ പലവിധത്തിൽ ശ്വാസം മുട്ടിക്കുമ്പോൾ പ്രതിപക്ഷത്തോട് ഞങ്ങൾ പറഞ്ഞു, തമ്മൾ തർക്കിക്കേണ്ട സമയമല്ലിത്. നാടിന്റെ പ്രശ്നം ഒന്നിച്ച് നേരിടേണ്ട സമയമാണ്. നിങ്ങൾ സഹകരിക്കണം. ഏതെങ്കിലും പ്രശ്നം ചർച്ച ചെയ്യാനുണ്ടെങ്കിൽ ഞങ്ങൾ സഹകരിക്കാൻ തയ്യാറാണ്. നിങ്ങൾ യോജിക്കാൻ തയ്യാറാകണം. പക്ഷെ, നിങ്ങളുമായി ഒരു യോജിപ്പിനുമില്ലെന്നായിരുന്നു പ്രതികരണം. ഇത് എൽ.ഡി.എഫ്, യു.ഡി.എഫ് പ്രശ്നമല്ല. നാടിന്റെ ഭാവിയുടെ പ്രശ്നമാണ്. പക്ഷെ അവർ സഹകരിക്കാൻ തയ്യാറല്ല. ഇത് ജനങ്ങൾ കൃത്യമായി മനസിലാക്കുന്നതുകൊണ്ടാണ് നവകേരള സദസിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തുന്നത്. സംസ്ഥാനത്തിന്റെ വായ്പാ പരിധി നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാർ എടുക്കുകയാണ്. അവർ വായ്പാ പരിധി നിശ്ചയിക്കുമ്പോൾ നമുക്ക് ലഭിക്കേണ്ട വായ്പാ പരിധിക്ക് വലിയ കുറവ് വരുത്തുന്നു. അത് വലിയ പ്രയാസം സൃഷ്ടിക്കുന്നു. കുറവ് വരുത്തിയ വായ്പാ പരിധിയിലുള്ള സംഖ്യയും എടുക്കാൻ പറ്റില്ല. കിഫ്ബിക്കും സാമൂഹ്യ ക്ഷേമ പെൻഷൻ കമ്പനിക്കുമെല്ലാം അവരെടുക്കുന്ന വായ്പ സംസ്ഥാന സർക്കാരിന്റെ വായ്പയായി പരിഗണിക്കുമെന്ന അറിയിപ്പ് വന്നിരിക്കുന്നു. സംസ്ഥാനത്ത് എത്തേണ്ട ഒരു ലക്ഷത്തി ഏഴായിരത്തി അഞ്ഞൂറുകോടിയിൽപരം രൂപ കഴിഞ്ഞ ഏഴുവർഷമായി എത്താതിരിക്കുന്നു. എങ്ങനെ നാടിന് മുന്നോട്ടുപോകാൻ പറ്റും. ഇത് രാജ്യത്തിന്റെ ഫെഡറൽ തത്വത്തിന്റെ ലംഘനമാണ്. അതുകൊണ്ടാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചത്. അപ്പോഴും ഇവിടുത്തെ പ്രതിപക്ഷം കേരള വിരുദ്ധ മനസുമായി മുന്നോട്ടുപോവുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിമാരായ കെ.രാജൻ, മന്ത്രി കെ.എൻ. ബാലഗോപാൽ, മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ സംസാരിച്ചു. മണ്ഡലം എം.എൽ.എയും മന്ത്രിയുമായ ജെ.ചിഞ്ചുറാണി അദ്ധ്യക്ഷയായി. മന്ത്രിമാരായ വി.ശിവൻകുട്ടി, പി.രാജീവ്, റോഷി അഗസ്റ്റിൻ, പി.എ.മുഹമ്മദ് റിയാസ്, വീണ ജോർജ്, ജി.ആർ.അനിൽ, എം.ബി.രാജേഷ്, ആർ.ബിന്ദു, വി.അബ്ദുറഹ്‌മാൻ, കെ.രാധാകൃഷ്ണൻ, വി.എൻ.വാസവൻ, കെ.കൃഷ്ണൻകുട്ടി, സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. വി.വേണു, ജില്ല കളക്ടർ എൻ.ദേവിദാസ് തുടങ്ങിയവർ പങ്കെടുത്തു.