കൊല്ലം: നവകേരള സദസെന്ന പേരിൽ നാടുനീളെ സഞ്ചരിച്ച് മുഖ്യമന്ത്രിയും സംഘവും തങ്ങൾ വലിയ പരാജയമാണെന്ന് പ്രഖ്യാപിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം പറഞ്ഞു. നവകേരള സദസിന്റെ പേരിൽ നടക്കുന്ന കോടികളുടെ പണപ്പിരിവിന്റെ കണക്കും പുറത്തുവിടണം.
കരിങ്കൊടി പ്രതിഷേധക്കാരെ നേരിടാൻ ഡി.വൈ.എഫ്.ഐയെ ഇറക്കിവിടുന്നത് സർക്കാരിന് പൊലീസിലുള്ള വിശ്വാസം നഷ്ടമായതിന്റെ തെളിവാണ്. ആർ.എസ്.എസുകാരെപ്പോലെ കുറുവടികളുമായാണ് ഡി.വൈ.എഫ്.ഐക്കാർ മുഖ്യമന്ത്രിക്ക് പിന്നാലെ സഞ്ചരിക്കുന്നത്. പ്രതിഷേധക്കാരെ ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്തുന്ന ഉത്തരേന്ത്യൻ സംസ്‌കാരം കേരളത്തിൽ അനുവദിക്കില്ല. സർക്കാരിനെതിരെ ശബ്ദിച്ചാൽ പൊതുജനങ്ങളുടെയും തലയടിച്ച് പൊളിക്കുമെന്ന മുന്നറിയിപ്പാണ് നവകേരള സദസിലൂടെ മുഖ്യമന്ത്രി നൽകുന്നത്.
നവകേരള സദസിന്റെ സംഘാടനത്തിന് ഓരോ മണ്ഡലത്തിലും 75 ലക്ഷം രൂപ വീതമാണ് പിരിക്കുന്നത്. സർവ മാഫിയകളിൽ നിന്നും പണം പിരിച്ച് നടത്തുന്ന നവകേരള സദസ് കേരളം കണ്ട ഏറ്റവും വലിയ അഴിമതി യാത്രയാണ്. നവകേരള സദസിന്റെ മറവിൽ നടത്തുന്ന വമ്പൻ സാമ്പത്തിക കൊള്ളയ്‌ക്കെതിരെ ലോകായുക്തയെ സമീപിക്കുമെന്നും വിഷ്ണു സുനിൽ പന്തളം പറഞ്ഞു.