
ഓച്ചിറ: ഓച്ചിറ മത്സ്യമാർക്കറ്റിൽ നിന്നുമുള്ള മലിനജലം റോഡിൽക്കൂടി നിരന്ന് ഒഴുകുന്നതിൽ പ്രതിഷേധിച്ച് എെ.എൻ.ടി.യു.സി ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ഡബ്ള്യു.ഡി ഓഫീസ് ഉപരോധിച്ചു. റോഡിൽ കൂടി പരന്നൊഴുകുന്ന മലിനജലം വാഹനങ്ങളിൽ നിന്ന് തെറിച്ച് സ്കൂൾ വിദ്യാർത്ഥികളുടെയും വഴിയാത്രക്കാരുടെയും ദേഹത്ത് വീഴുന്നതായി സമരക്കാർ ആരോപിച്ചു. പലപ്രാവശ്യം അധികാരികളോട് പരാതി പറഞ്ഞിട്ടും പരിഹാരം കാണാത്തതിലായിരുന്നു ഉപരോധം. എെ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് കെ.എം.കെ സത്താർ, അയ്യാണിക്കൽ മജീദ്, കൃഷ്ണൻകുട്ടി, ഷാജി ചോയിസ്, ഷെജി ഒണിയൻപുറത്ത്, ചെല്ലമ്മ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.