എഴുകോൺ : സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ മർദ്ദിച്ച കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവും 32000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടമുളയ്ക്കൽ കൈപ്പള്ളിമുക്ക് അഭിലാഷിനെ(33) യാണ് കൊട്ടാരക്കര പട്ടികജാതി വർഗ്ഗ പ്രത്യേക കോടതി ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്. 2019 മേയിലാണ് കേസിനാസ്‌പദമായ സംഭവം. കൊല്ലം ആർ.കെ.കൺസ്ട്രക്ഷനിൽ എൻജിനീയറായ സ്ത്രീയുടെ വീട്ടിൽ ജോലിക്ക് വന്നയാളിനാണ് മർദ്ദനമേറ്റത്. ചോദ്യം ചെയ്ത യുവതിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും കടന്ന് പിടിക്കുകയും ചെയ്തുവെന്നാണ് കേസ്. വിവിധ വകുപ്പുകളിലായി മൂന്ന് വർഷവും ഒരു മാസവും തടവ് അനുഭവിക്കണം. പിഴയൊടുക്കാത്ത പക്ഷം എട്ട് മാസവും 15 ദിവസവും അധിക തടവ് അനുഭവിക്കണം.

പുനലൂർ ഡിവൈ.എസ്.പി.എസ്.അനിൽദാസ് അന്വേഷിച്ച കേസിൽ എം.ആർ.സതീഷ്കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ജി.എസ്.സന്തോഷ്കുമാർ ഹാജരായി.