കൊല്ലം: ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീല ബിനുവിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അറിയിച്ചു.

രണ്ടര വർഷം കഴിയുമ്പോൾ സ്ഥാനം ഒഴിയണമെന്ന പാർട്ടിക്കുള്ളിലെ ധാരണ പാലിക്കാത്തതിനാലാണ് നടപടിയെന്നാണ് സൂചന. വൈകാതെ പ്രസിഡന്റിനെതിരെ കോൺഗ്രസ് അംഗങ്ങൾ തന്നെ അവിശ്വാസ പ്രമേയവും കൊണ്ടുവരാനും നീക്കമുണ്ട്. രണ്ടര വർഷത്തിന് ശേഷം ഷീല ബിനു സ്ഥാനമൊഴിഞ്ഞ് ഒറ്റപ്ലാംമൂട് മെമ്പർ രേഖ.എസ്.ചന്ദ്രന് പ്രസിഡന്റ് സ്ഥാനം നൽകാനായിരുന്നു പാർട്ടിക്കുള്ളിലെ ധാരണ. എന്നാൽ ഈമാസം അവസാനത്തോടെ സ്ഥാനമൊഴിയുമെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നതായും പെട്ടെന്നുണ്ടായ നടപടിയുടെ കാരണമറിയില്ലെന്നും ഷീല ബിനു പറഞ്ഞു. ഏറ്റെടുത്ത ചില ഉത്തരവാദിത്വങ്ങൾ പൂർത്തീകരിക്കേണ്ടതിനാലാണ് രാജി വൈകിച്ചത്. തുടർ നടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും ഷീല ബിനു പറഞ്ഞു.

കക്ഷിനില

യു.ഡി.എഫ്- 10

എൽ.ഡി.എഫ് -5

ബി.ജെ.പി- 5