ഇരവിപുരം: ജില്ലയിലെ നവകേരള സദസിന്റെ മൂന്നാം ദിവസമായ ഇന്നലെ ഇരവിപുരം മണ്ഡലത്തിലെ നവകേരളസദസ് നടന്ന കന്റോൺമെന്റ് മൈതാനം അക്ഷരാർത്ഥത്തിൽ ജനസമുദ്രമായി മാറി. രാവിലെ മുതൽ തന്നെ മണ്ഡലത്തിലെ വിവിധഭാഗങ്ങളിൽ നിന്ന് ജനങ്ങൾ വേദിയിലേക്ക് എത്തിത്തുടങ്ങിയിരുന്നു. സജ്ജമാക്കിയ ഇരിപ്പിടങ്ങൾ പരിപാടി ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നേ നിറഞ്ഞ് കവിഞ്ഞു.
മറ്റെല്ലാ ആഘോഷങ്ങളെയും കടത്തിവെട്ടുന്ന രീതിയിൽ ഉത്സവച്ഛായയിലായിരുന്നു ഇരവിപുരം മണ്ഡലത്തിന്റെ സദസ്. തോരണങ്ങൾ, പൂമാലകൾ, വണ്ടിക്കുതിര, കാവടിയാട്ടം, കഥകളിവേഷം എന്നിവയാൽ വർണശബളമായി സദസ് നടന്ന കന്റോൺമെന്റും പരിസരവും. സദസ് ആരംഭിയ്ക്കും മുമ്പ് സംഗീത കച്ചേരി, സംഘനൃത്തം, സംഘഗാനം എന്നിങ്ങനെ വിവിധ കലാപരിപാടികൾ അരങ്ങേറി. കുടുംബശ്രീ സംരംഭകരുടെ സൗജന്യ പ്രഭാതഭക്ഷണം വേറിട്ട രുചിയായി. വയോജനങ്ങൾ, സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ ഉൾപ്പെടെ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുമാണ് ജനങ്ങൾ സദസിലേക്ക് ഒഴുകിയെത്തിയത്. 11 മണിക്കായിരുന്നു സദസ് നിശ്ചയിച്ചിരുന്നതെങ്കിലും ഒന്നരമണിക്കൂറിലേറെ വൈകിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും റെയിൽവേ മേൽപ്പാലത്തിലൂടെ വേദിയിലെത്തിയത്. ബസ് വേദിയ്ക്ക് മുന്നിലെത്തിയതോടെ ചുവന്ന ബലൂണുകൾ പറത്തിയും ബാന്റ് മേളത്തിന്റെയും പഞ്ചവാദ്യമേളത്തിന്റെയും അകമ്പടിയോടെയാണ് ജനങ്ങൾ വരവേറ്റത്. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സർക്കാർ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച വിശദീകരിച്ചു. എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനായി. മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും കെ.രാജഗോപാൽ രചിച്ച 'പാർട്ടി ചരിത്രം ഓർമ്മകളിലൂടെ'എന്ന പുസ്തകം ഉപഹാരമായി നൽകി.
നിവേദനങ്ങൾ സ്വീകരിക്കുന്നതിനായി 21 കൗണ്ടറുകളാണ് സജ്ജമാക്കിയത്. അംഗപരിമിതരുടെ കൗണ്ടർ നിയന്ത്രിക്കുന്നതിന് പ്രത്യേക വോളണ്ടയർ സേവനവും മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിനും പ്രത്യേകമായി ഇരിപ്പിടങ്ങളും സജ്ജമാക്കി. 4099 നിവേദനങ്ങളാണ് സദസിൽ ലഭിച്ചത്.