കൊല്ലം: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ബേക്കറി ഡി.വൈ.എഫ്.ഐ പ്രവർത്തകർ തല്ലി തകർത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകനും നിലമേൽ കൈതോട് ജംഗ്ഷനിലുള്ള തമീം ബേക്കറി ഉടമയുമായ അഷ്കർ അലിയുടെ ബേക്കറിയാണ് ഒരു കൂട്ടം ഡി.വൈ.എഫ്.ഐ പ്രവർത്തകർ തല്ലി തകർത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.15ഓടെയാണ് സംഭവം നടന്നത്. മുഖ്യമന്ത്രിയുടെ വാഹനം കൈതോട് ജംഗ്ഷൻ വഴി കടന്നു പോയപ്പോൾ കടയിലുണ്ടായിരുന്ന അഷ്കർ അലി പൊടുന്നനെ പുറത്തിറങ്ങിവന്ന് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു. അഷ്കർ അലിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ സംഭവ സ്ഥലത്തുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർ പാഞ്ഞെത്തി അഷ്കർ അലിയുടെ കട തല്ലിത്തകർക്കുകയായിരുന്നു. ബേക്കറി തല്ലിതകർത്തതിന് അഷ്കർ അലിയുടെ പരാതിയിൽ കണ്ടാലറിയാവുന്ന 8 ഡി.വൈ.എഫ്.ഐ.പ്രവർത്തകർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. ബേക്കറി തകർകത്തതിൽ 2 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി പരാതിയിൽ പറയുന്നു. അഷ്കർ അലിയെ കേസ് എടുത്ത് ജാമ്യത്തിൽ വിട്ടയച്ചു.
സംഭവത്തിനു ശേഷം യുത്ത് കോൺഗ്രസ് പ്രവർത്തകരും സി.പി.എം പ്രവർത്തരും സ്ഥലത്ത് തടിച്ചു കൂടിയെങ്കിലും സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് പ്രവർത്തകരെ പിരിച്ചുവിട്ടു.