
കൊല്ലം: ബിവറേജസ് കോർപ്പറേഷന്റെ ലാഭവിഹിതവും ആദായ വകുപ്പ് പിടിച്ചുവെച്ച തുകയും ചേർത്ത് 300 കോടി രൂപ സർക്കാരിന് കൈമാറി. ക്വയിലോൺ ബീച്ച് ഹോട്ടൽ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാലിന് മന്ത്രി എം.ബി.രാജേഷിന്റെ സാന്നിദ്ധ്യത്തിൽ ബിവറേജസ് കോർപ്പറേഷൻ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ചെക്ക് കൈമാറിയത്.
ട്രഷറി നിക്ഷേപമായാണ് തുക നൽകിയത്. നാലുവർഷം മുമ്പ് ബെവ്കോയുടെ അക്കൗണ്ടിൽ നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചുവച്ച 1148 കോടി രൂപയിൽ ആദ്യഗഡുവായി 344 കോടി രൂപ കഴിഞ്ഞ ഓണത്തിന് നൽകിയിരുന്നു. രണ്ടാം ഗഡുവായി 197 കോടി രൂപയും ലഭിച്ചു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ചില സാങ്കേതിക തടസങ്ങൾ ഉള്ളതിനാൽ മൂന്നാം ഗഡു അനുവദിക്കുന്നതിൽ താമസം നേരിട്ടെങ്കിലും ബെവ്കോ മാനേജ്മെന്റിന്റെ ശ്രമഫലമായി 480 കോടി ലഭിച്ചു. ഈ തുകയിൽ നിന്നുള്ള വിഹിതവും ഈ വർഷത്തെ ലാഭവിഹിതവും ചേർത്തുള്ള 300 കോടി രൂപയാണ് സർക്കാരിന് കൈമാറിയത്.
ചടങ്ങിൽ ജനറൽ മാനേജർ സുൽഫിക്കർ റഹ്‌മാൻ, ഇന്റേണൽ ഓഡിറ്റർ സച്ചിത്, ഡെപ്യൂട്ടി ജനറൽ മാനേജർ ശിഷ്‌ന, സീനിയർ അക്കൗണ്ട്‌സ് മാനേജർമാരായ ജെയിമി മേരി ജയൻ, കെ.വി.സിജി, മാനേജർമാരായ സോജൻ, വിപിൻ, ശ്രീജിത്ത്, അനൂബ്.വി.രാജ്, സുദർശന ദാസ്, ഓഡിറ്റ് അംഗങ്ങളായ വി.പി.പ്രവീൺ, ദിലീപ്, അജയൻ എന്നിവർ പങ്കെടുത്തു.