കൊല്ലം: മുഖ്യമന്ത്രി പുനലൂരിൽ എത്തുന്നതറിഞ്ഞ് അദ്ദേഹത്തെ കാണാൻ ബസിൽ കയറി വഴിതെറ്റി കൊല്ലത്തെത്തിയ വൃദ്ധയെ ജീവകാരുണ്യ പ്രവർത്തകർ തിരികെ വീട്ടിലെത്തിച്ചു.

കഴിഞ്ഞ ദിവസം ശക്തികുളങ്ങര പൊലീസ് സ്‌റ്റേഷൻ പരിസരത്ത് കണ്ട സരസമ്മയെക്കുറിച്ച് നാട്ടുകാരാണ് ജീവകാരുണ്യ പ്രവർത്തകനായ കാവനാട് സ്വദേശി ഗണേഷിനെ വിവരം അറിയിച്ചത്.

ഗണേഷും സുഹൃത്ത് ബാബുവും ചേർന്ന് സരസമ്മയെ ശക്തികുളങ്ങര പൊലീസിന്റെ ഇടപെടലിൽ കോയിവിളയിലെ ബിഷപ്പ് ബെൻസിഗർ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ഓർമ്മക്കുറവുള്ള സരസമ്മയ്‌ക്ക് തന്റെ പേരോ മേൽവിലാസമോ വീട്ടിലുള്ളവരുടെ ഫോൺ നമ്പരോ പറയാൻ കഴിഞ്ഞിരുന്നില്ല. പുനലൂർ പൊലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ മകൻ മാേഹനനെത്തി ഇന്നലെ രാവിലെ സരസമ്മയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ട്രസ്‌റ്റ് ചെയർമാൻ കുഞ്ഞച്ചൻ ആറാടനും ഗണേഷും ബാബുവും ചേർന്നാണ് അമ്മയെയും മകനെയും യാത്രയാക്കിയത്.