കൊല്ലം: കോൺവെന്റ് ജംഗ്ഷനിലെ മേൽപ്പാലത്തിൽ നാടോടി സംഘങ്ങൾ തമ്പടിച്ച് ആക്രിസാധനങ്ങൾ കുത്തിനിറച്ചതിനാൽ പാലത്തിലൂടെ സഞ്ചരിക്കാനാകാതെ വിദ്യാർത്ഥികളും മറ്റു യാത്രക്കാരും വലയുന്നു. ഒരാഴ്ചയിലേറെയായി ഇവർ ഇവിടെത്തന്നെയാണ്. യാത്രക്കാർ വലഞ്ഞിട്ടും അധികൃതർ ഇടപെടുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
പാർവതി മില്ലിനോട് ചേർന്നുള്ള സെന്റ്.ജോസഫ് സ്‌കൂൾ ഭാഗത്തേക്ക് പടികയറി എത്തുന്നിടത്താണ് ആക്രിസാധനങ്ങൾ വൻതോതിൽ കൂട്ടിയിട്ടിരിക്കുന്നത്. പാലത്തിലേക്കുള്ള കൈവരികളിൽ നാടോടി സംഘങ്ങൾ തുണി ചുറ്റിയിരിക്കുകയാണ്. രണ്ട് സ്‌കൂളുകൾ, പള്ളികൾ, ആശുപത്രികൾ, നിരവധി വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള പ്രദേശമാണ് കോൺവെന്റ ജംഗ്ഷൻ. ദിവസവും നിരവധിപേരാണ് റോഡ് മറികടക്കാൻ മേൽപ്പാലം ഉപയോഗിച്ചിരുന്നത് .
പാലത്തോട് ചേർന്നുള്ള സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായി റോഡ് മുറിച്ച് കടക്കാൻ മേൽപ്പാലം ഏറെ പ്രയോജനപ്രദമായിരുന്നു, പാലം തുടങ്ങുന്ന സ്ഥലത്ത് വഴിയോര കച്ചവടക്കാർ സാധനങ്ങൾ പാലത്തിനോട് ചേർന്നും നടപ്പാത കൈയേറിയും വച്ചിരിക്കുന്നതിനാൽ ഏറെ ബുദ്ധിമുട്ടിയായിരുന്നു വിദ്യാർത്ഥികളും യാത്രക്കാരും സ്‌കൂളിന് സമീപത്തു നിന്ന് പാലം കയറി പാർവതി മില്ലിനോട് ചേർന്നുള്ള ഭാഗത്ത് ഇറങ്ങിയിരുന്നത്. എം. മുകേഷ് എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പാലത്തിന്റെ മേൽനോട്ട ചുമതല കോൽപ്പറേഷനാണ്. രാത്രിയിൽ മതിയായ വെളിച്ചമില്ലാത്തതിനാൽ പാലം ഉപയോഗിക്കുന്നവർ ബുദ്ധിമുട്ടിലാണ്.
കുട്ടികൾ ഭീതിയിൽ
ആക്രിസാധനങ്ങൾ പാലത്തിൽ കൂട്ടിയിട്ടിരിക്കുന്നതിന് പുറമേ നാടോടിസ്ത്രീകൾ ഉൾപ്പെടെയുള്ളവർ പാലത്തിലാണ് തങ്ങുന്നത്. ഇതു പലപ്പോഴും കുട്ടികളിൽ ഭീതി സൃഷ്ടിക്കുന്നുണ്ട്. രക്ഷിതാക്കൾ ഈ വിഷയം സ്‌കൂൾ അധികൃതരെ അറിയിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം ഉൾപ്പെടെ അടുത്തിടെ ജില്ലയിൽ നടന്നതിനാൽ എത്രയും വേഗം പാലത്തിൽ നിന്ന് നാടോടി സംഘങ്ങളെ ഒഴിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.