 
പുനലൂർ: കരവളൂർ ഓക്സ്ഫോർഡ് സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ബ്രിസാ ബിനു അന്താരാഷ്ട്ര ബാസ്കറ്റ് ബാൾ ടൂർണമെന്റിൽ ഇന്ത്യൻ ടീമിൽ ഇടം നേടി. ഈ മാസം 26 മുതൽ 31വരെ ഷാർജയിൽ നടക്കുന്ന അന്തരാഷ്ടാ മത്സരത്തിലാണ് പുനലൂർ അഷ്ടമംഗലം ജോസ് ഭവനിൽ ബിനു-റീന ദമ്പതികളുടെ മകൾ ബ്രിസാ ബിനു 30 രാജ്യങ്ങളിൽ നിന്ന് പങ്കെടുക്കുന്ന വിദ്യാർത്ഥികളുമായി മാറ്റുരക്കുന്നതെന്ന് സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോർജ്ജ്, മാനേജർ വി.അനിൽകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യു.എ.ഇ സ്പോട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ഷാർജയിലെ ജാംസ് സ്പോർട്സ് അക്കാഡമിയാണ് അന്താരാഷ്ട്ര യൂത്ത് ബാസ്കറ്റ് ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. സഹോദരൻ ബ്രിന്റോ ബിനു ബാസ്റ്റ് ബാൾ കളിക്കുന്നത് കണ്ടാണ് ബ്രിസയും ആ വഴി തിരഞ്ഞെടുത്തത്. മാതാപിതാക്കളും സ്കൂൾ അധികൃതരും നൽകുന്ന പിന്തുണയാണ് ബ്രിസയുടെ നേട്ടത്തിന് പിന്നിൽ. ബാസ്കറ്റ് ബാൾ കേരള സ്റ്റേറ്റ് ടീം കോച്ച് ടിൻസൺ ജോണും സഹ കോച്ച് ലിംഷ ബാബുവുമാണ് പരിശീലകർ.