കൊല്ലം: ഓരോ ഗുരുദേവ വിഗ്രഹം കാണുമ്പോഴും മനസിൽ നിറയുന്നത് ശ്രീനാരായണ ഗുരുദേവൻ മുന്നോട്ടുവച്ച ലോകശാന്തിയുടെ മഹാദർശനമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ പറഞ്ഞു. കൊല്ലം എസ്.എൻ കോളേജിൽ സ്ഥാപിച്ച ഗുരുമന്ദിരത്തിന്റെ സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദേവ ദർശനം എല്ലാവരും ഹൃദയം കൊണ്ട് സ്വീകരിച്ചാൽ ലോകത്തുള്ള എല്ലാ പ്രശ്നങ്ങളും അവസാനിക്കും. പക്ഷെ അതുണ്ടാകാത്തതാണ് ഇന്നത്തെ പ്രതിസന്ധികളുടെ കാരണം. 28 വർഷം മുമ്പ് താൻ എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ കൊല്ലം എസ്.എൻ കോളേജിൽ ദൈവദശകം പ്രാർത്ഥനയാക്കണമെന്ന് നിർദ്ദേശിച്ചു. പക്ഷെ തനിക്കെതിരെ ഒരുവിഭാഗം പന്തൽ കെട്ടി സമരം ആരംഭിച്ചു. ഈഴവ സമുദായത്തിന്റെ മാത്രം പ്രാർത്ഥന എല്ലാ വിഭാഗക്കാരും പഠിക്കുന്ന കോളേജിൽ അടിച്ചേൽപ്പിക്കുന്നുവെന്നായിരുന്നു സമരക്കാരുടെ വാദം. ദൈവദശകം വായിക്കുകയും ശരിയായി മനസിലാക്കുകയും ചെയ്യാത്തവരാണ് അന്ന് സമരം നടത്തിയത്. എന്നാൽ ഇന്ന് സംസ്ഥാന സർക്കാർ തന്നെ ദൈവദശകം പ്രാർത്ഥനാഗീതമായി അംഗീകരിക്കുന്ന സ്ഥിതിയുണ്ടായി. എല്ലാ മതവിശ്വാസികൾക്കും അവർ ആരാധിക്കുന്ന ദൈവത്തെ മനസിൽ ധ്യാനിച്ച് ചൊല്ലാവുന്ന പ്രാർത്ഥനയാണ് ദൈവദശകം.
ദൈവദശകം ചൊല്ലണമെന്ന സർക്കുലറിനെതിരെ സമരം നടന്ന കോളേജിൽ ഇപ്പോൾ ഗുരുദേവന്റെ അതിമനോഹരമായ പഞ്ചലോഹ വിഗ്രഹമുണ്ടായിരിക്കുന്നു. ഇത് പ്രിൻസിപ്പൽ അടക്കമുള്ള അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും കൂട്ടായ്മയുടെ വിജയമാണ്. ഗുരുദേവ വിഗ്രഹത്തിലൂടെ കോളേജിൽ വിദ്യയുടെ മഹാവെളിച്ചമാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിച്ചു. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലറും എസ്.എൻ ട്രസ്റ്റ് എക്സി. അംഗവുമായ പി.സുന്ദരൻ, എസ്.എൻ ട്രസ്റ്റ് സ്പെഷ്യൽ ഓഫീസർ ഡോ. നിഷ.ജെ തറയിൽ, സ്റ്റാഫ് അസോ. സെക്രട്ടറി ഡോ. ഗിരീഷ് ഗോപാലകൃഷ്ണൻ, ഓഫീസ് സൂപ്രണ്ട് പി.അജിത്ത്, എസ്.എൻ.ഇ.എഫ് കൊല്ലം എസ്.എൻ കോളേജ് ചെയർപേഴ്സൺ ഡോ. എസ്.ഷീബ, പി.ടി.എ വൈസ് പ്രസിഡന്റ് എ.ജസ്റ്റസ്, എസ്.എൻ ട്രസ്റ്റ് എൻജിനയർ ആർ.രാജേഷ് എന്നിവർ സംസാരിച്ചു. ഡോ. ബി.അഞ്ജലി ഈശ്വരപ്രാർത്ഥന ചൊല്ലി. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.വി.മനോജ് സ്വാഗതവും പി.ടി.എ സെക്രട്ടറി യു.അധീശ് നന്ദിയും പറഞ്ഞു.
ഓർമ്മകളിലെ മർമ്മരം പുസ്തക പ്രകാശനം
എസ്.എൻ കോളേജ് സ്ഥാപിതമായിട്ട് 75 വർഷം പൂർത്തിയായത് പ്രമാണിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച എസ്.എൻ കോളേജ് ഓർമ്മകളിലെ മർമ്മരം എന്ന ഓർമ്മക്കുറിപ്പുകളുടെ സമാഹാരത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണന് പുസ്തകം കൈമാറിയായിരുന്നു പ്രകാശനം.