 
കൊല്ലം: കാസർഗോഡ് ജില്ലയിലെ പനത്തടി ഗ്രാമപഞ്ചായത്തിലെ പാറക്കടവിൽ താമസിച്ചിരുന്ന എൻഡോസൾഫാൻ ദുരിതബാധിത കുടുംബത്തിന് അഭയം നൽകി ഗാന്ധിഭവൻ. തീർത്തും ദുരിതാവസ്ഥയിലായിരുന്ന ഈ കുടുംബത്തിൽ വൃദ്ധദമ്പതികളും രണ്ട് ആൺമക്കളുമാണ് ഉണ്ടായിരുന്നത്. മദ്യലഹരിയിൽ ഭ്രാന്തമായി പെരുമാറിയിരുന്ന മൂത്ത മകന്റെ ഉപദ്രവത്തിൽ നിന്ന് രക്ഷപെട്ടാണ് ഇവർ ഗാന്ധിഭവനിലെത്തിയത്. പനത്തടി പട്ടികവർഗ്ഗ കോളനിയിൽ താമസിച്ചിരുന്ന മുന്തൻ (68), ഭാര്യ നാരായണി (65), മകൻ കൃഷ്ണൻ (38) എന്നിവരെയാണ് ജനപ്രതിനിധികളും പാലിയേറ്റിവ് കെയർ പ്രവർത്തകരും ചേർന്ന് പത്തനാപുരം ഗാന്ധിഭവനിലേക്ക് എത്തിച്ചത്.ദമ്പതികളുടെ ഇളയ മകൻ കൃഷ്ണൻ എൻഡോസൾഫാൻ ദുരിതബാധിതനാണ്. എൻഡോസൾഫാൻ ദുരിതബാധിതനായിരുന്ന ഇവരുടെ മറ്റൊരു മകൻ രതീഷ് മുൻപേ മരണപ്പെട്ടിരുന്നു. സർക്കാർ പത്തുലക്ഷത്തോളം രൂപ സഹായം നൽകിയെങ്കിലും മൂത്ത മകൻ ബാബു ഇതെല്ലാം ധൂർത്തടിച്ചു കളയുകയായിരുന്നത്രെ. ബാബുവിന്റെ പീഡനം അതിരുകടന്നതോടെയാണ് ജനപ്രതിനിധികളും നാട്ടുകാരും ഇടപെട്ടത്. പനത്തടി പാലിയേറ്റീവ് കെയർ പ്രവർത്തകർ പഞ്ചായത്ത് മെമ്പർ സുപ്രിയ ശിവദാസനെ വിവരമറിയിക്കുകയും പഞ്ചായത്ത് പ്രസിഡന്റ് മുഖേന കളക്ടർക്ക് പരാതി നൽകുകയുമായിരുന്നു. തുടർന്ന് തഹസിൽദാറും വില്ലേജ് ഓഫീസറും അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയതോടെ ജില്ലാ സാമൂഹ്യനീതി ഓഫീസർ പത്തനാപുരം ഗാന്ധിഭവനുമായി ബന്ധപ്പെടുകയും സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ ഇടപെട്ട് ഇവരെ ഗാന്ധിഭവനിലെത്തിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു.
പനത്തടി ഗ്രാമപഞ്ചായത്ത് മെമ്പമാരായ സുപ്രിയ ശിവദാസ്, പി.കെ. സൗമ്യമോൾ, പാലിയേറ്റീവ് പ്രവർത്തകരായ പി. അനിതകുമാരി, പി.ആർ. പ്രസാദ്, ഐസക് നേവർ, സെബിൻ കെ. തോമസ് എന്നിവർ ചേർന്ന് പ്രത്യേക വാഹനത്തിലാണ് ഇവരെ ഗാന്ധിഭവനിൽ എത്തിക്കുന്നത്.