ശാസ്താംകോട്ട: ദേവസ്വം ബോർഡ് കോളേജിലെ കെ.എസ്.യു പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കോളേജിൽ രാത്രിയിൽ അതിക്രമിച്ചു കയറി നക്ഷത്രം സ്ഥാപിച്ചുവെന്നാരോപിച്ച് പത്ത് കെ.എസ്.യു പ്രവർത്തകരെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതിനെ തുടർന്ന് കെ.എസ്.യു ഇന്നലെ കോളേജ് ഉപരോധിച്ചു. കോളേജിന് അവധിയായിരുന്നെങ്കിലും യൂണിവേഴ്സിറ്റി പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥികളെ അകത്ത് പ്രവേശിപ്പിക്കാൻ സമരക്കാർ തയ്യാറായില്ല . തുടർന്ന് പൊലീസ് ബലം പ്രയോഗിച്ചു കെ.എസ്.യു പ്രവർത്തകരെ നീക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. സമരക്കാരും പൊലീസും തമ്മിലുള്ള പിടിവലിക്കിടെ പത്തോളം കെ.എസ്.യു പ്രവർത്തകർക്കും വനിതാ ഉദ്യോഗസ്ഥയ്ക്ക് ഉൾപ്പടെ പൊലീസുകാർക്കും പരിക്കേറ്റു.