collectr

കൊല്ലം: ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് എല്ലാ മേഖലയിലും പരിശോധന ശക്തമാക്കുമെന്ന് ജില്ലാ കളക്ടർ എൻ.ദേവിദാസ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ലഹരി വസ്തുക്കളുടെ വിപണനം തടയുന്നതിന് പ്രത്യേക സ്‌ക്വാഡുകൾ പരിശോധന നടത്തും. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം.

സ്ഥിരം കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തി. ഹൗസ് ബോട്ടുകൾ, ഹോം സ്റ്റേകൾ, ഡി.ജെ പാർട്ടികൾ നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലും പൊലീസ് പരിശോധന നടത്തും.
അതിർത്തി കടന്നെത്തുന്ന നിരോധിത ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയാൻ എക്‌സൈസിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തിൽ ജില്ലയിലെ വിവിധ ചെക്ക്‌ പോസ്റ്റുകളിൽ പരിശോധന ശക്തമാക്കും.

വിലവർദ്ധനവും പൂഴ്ത്തിവയ്പ്പും തടയാൻ ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, ആരോഗ്യവകുപ്പ്, തഹസിൽദാർമാർ എന്നിവരുടെ സ്‌ക്വാഡുകൾ പരിശോധന നടത്തണം. അനധികൃത കശാപ്പ് നടക്കുന്നില്ലെന്ന് മുനിസിപ്പാലിറ്റികളും കോർപ്പറേഷനും ഉറപ്പാക്കണം.

ക്രമസമാധാന-ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതെയുള്ള ആഘോഷങ്ങൾ ഒരുക്കാൻ എല്ലാ വകുപ്പുകളും ചേർന്ന് പ്രവർത്തിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. യോഗത്തിൽ സബ് കളക്ടർ മുകുന്ദ് ഠാക്കൂർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.