
കൊല്ലം: ഓച്ചിറ കാളകെട്ട് ഉത്സവത്തോടനുബന്ധിച്ച് കെട്ടുകാളയുടെ ഫോട്ടോയെടുത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ.
കുലശേഖരപുരം ചന്ദ്രാലയം വീട്ടിൽ വിഷ്ണുവാണ് (25) ഓച്ചിറ പൊലീസിന്റെ പിടിയിലായത്.
ഉത്സവം കാണാനെത്തിയ കുലശേഖരപുരം കടത്തൂർ സ്വദേശിയായ സൂര്യ നാരായണന്റെ സുഹൃത്തായ അശ്വനിദേവ് ഫോട്ടോയെടുത്തത് പ്രതിയുടെ സുഹൃത്തായ അജിത്ത് ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്യാനെത്തിയ സൂര്യനാരായണനെയും മറ്റൊരു സുഹൃത്തായ ജസ്റ്റിനെയും പ്രതികൾ സംഘം ചേർന്ന് കമ്പി വടിക്കും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
സൂര്യനാരായണന് സാരമായി പരിക്കേറ്റിരുന്നു. ഓച്ചിറ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംഘത്തിലെ മറ്റ് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.
കേസിലെ അഞ്ചാം പ്രതിയാണ് ഇപ്പോൾ പിടിയിലായത്. ഓച്ചിറ പൊലീസ് ഇൻസ്‌പെക്ടർ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.