പന്മന: ചവറ ബേബി ജോൺ മെമ്മോറിയൽ കോളേജിൽ ബാനറുകൾ അഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് എസ്.എഫ്.ഐ, എ.ബി.വി.പി സംഘർഷം. നാല് പേർക്ക് പരിക്കേറ്റു. എ.ബി.വി.പി പ്രവർത്തകരായ ജി.കെ അരുൺ, ഗോകുൽ, ഇന്ദ്രജിത്ത്, അരുൺ എന്നിവരെ പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് അക്രമം നടന്നത്. ഗവർണർക്കെതിരെ എസ്.എഫ്.ഐ വിദ്യാർത്ഥികളും അനുകൂലിച്ച് എ.ബി.വി.പി വിദ്യാർത്ഥികളും കോളേജ് ഗ്രൗണ്ടിൽ ബാനറുകൾ കെട്ടിയിരുന്നു. ഇത് അഴിച്ചു മാറ്റുന്നതിനുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഇരു വിഭാഗത്തിലും പുറത്തുനിന്നുള്ള പ്രവർത്തകർ അക്രമത്തിൽ പങ്കെടുത്തതായി പറയുന്നു.

അസ്‌ലം, അൻസിൽ, നിജാസ്, അശ്വിൻ, സൂരജ്, ലൂയിസ് എന്നിവരാണ് അക്രമത്തിന് പിന്നിലെന്ന് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ ചവറ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അടുത്തിടെയായി എസ്.എഫ്.ഐയും എ.ബി.വി.പിയും തമ്മിൽ കോളേജിൽ നടത്തുന്ന നാലാമത്തെ ഏറ്റുമുട്ടലാണിത്.