 
കൊല്ലം: കടം കൊടുത്ത പണം തിരികെ ചോദിച്ചതിലുള്ള വിരോധത്തിൽ മദ്ധ്യവയസ്‌ക്കനെ ആക്രമിച്ച പ്രതി പിടിയിൽ. അരിനല്ലൂർ, കൊല്ലചേഴത്ത് ലക്ഷം വീട് കോളനിയിൽ രജിത്ത് (39) ആണ് ചവറ തെക്കുംഭാഗം പൊലീസിന്റെ പിടിയിലായത്. തേവലക്കര സ്വദേശിയായ ഉണ്ണികൃഷ്ണപിള്ളയിൽ നിന്ന് പ്രതി പണം കടം വാങ്ങിയിരുന്നു. ഈ തുക തിരികെ ചോദിച്ച വിരോധത്തിൽ കഴിഞ്ഞ ബുധനാഴ്ച രാത്രി 10ന് ഉണ്ണികൃഷ്ണപിള്ള താമസിക്കുന്ന വീടിന്റെ പുരയിടത്തിൽ പ്രതി ഒളിച്ചിരുന്ന് ആക്രമിക്കുകയായിരുന്നു.
വീടിന് പുറത്തേക്ക് ഇറങ്ങിയ ഉണ്ണികൃഷ്ണപിള്ളയെ കൈയിൽ കരുതിയിരുന്ന മരകഷ്ണം ഉപയോഗിച്ച് മർദ്ദിച്ച് പരിക്കേൽപ്പിച്ചു. ചവറ തെക്കുംഭാഗം പൊലീസിന് പരാതി നൽകി. എസ്.ഐ ദിനേശ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.