തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ച
കൊല്ലം: കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോ പരിസരത്ത് നിന്ന് ട്രാൻ. ബസ് കടത്തിക്കൊണ്ടുപോയെന്ന കേസിലെ പ്രതിയെ വെറുതെ വിട്ടു. മണമ്പൂർ മുരുകൻ കോവിലിന് സമീപം ശിവജ്യോതിയിൽ അലോഷ്യ എന്ന ജോയിയെയാണ് കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടത്. തെളിവുകൾ ശേഖരിക്കുന്നതിൽ കൊല്ലം ഈസ്റ്റ് പൊലീസിന് സംഭവിച്ച ഗുരുതര വീഴ്ചയാണ് പ്രതിക്ക് സഹായകരമായതെന്നാണ് സൂചന.
2017 ആഗസ്റ്റ് 20ന് രാത്രി 11.45നായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ജോയി ആശ്രാമത്ത് ലിങ്ക് റോഡിൽ പാർക്ക് ചെയ്തിരുന്ന എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസ് മോഷ്ടിച്ചുകൊണ്ടുപോയെന്നാണ് കേസ്. തുടർന്ന് ചിന്നക്കടയിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചതോടെ ബസ് ഉപേക്ഷിച്ച് കടന്നു. ബസിൽ കുടുങ്ങിയ ഷൂ എടുക്കാൻ ജോയി വീണ്ടും ബസിൽ കയറിയതോടെ നാട്ടുകാർ തടിച്ചുകൂടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കെ.എസ്.ആർ.ടി.സി ചെക്കിംഗ് ഇൻസ്പെക്ടർ ഡ്രൈവറുടെ സീറ്റിന് പിന്നിൽ ഒളിച്ചിരുന്ന ജോയിയെ പിടികൂടി പൊലീസിന് കൈമാറിയെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. പോസ്റ്റിൽ ഇടിച്ചുണ്ടായ കേടുപാടിൽ കെ.എസ്.ആർ.ടി.സി ബസിന് ഒന്നരലക്ഷം രൂപയുടെ നഷ്ടവും പോസ്റ്റ് തകർന്ന് കെ.എസ്.ഇ.ബിക്ക് 44941 രൂപയും ഏഷ്യാനെറ്റ് കേബിൾ വിഷന് അരലക്ഷം രൂപയുടെ നഷ്ടവും സംഭവിച്ചതായും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. എന്നാൽ പ്രതിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് വെറുതെ വിട്ടത്.
കേസിൽ സ്വതന്ത്ര സാക്ഷികളെ ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞില്ല. ബസിൽ നിന്ന് കണ്ടെത്തിയ ഷൂ ജോയിയുടേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കാനും കഴിഞ്ഞില്ല. കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, ഏഷ്യാനെറ്റ് കേബിൾ വിഷൻ എന്നിവയ്ക്ക് ഉണ്ടായ നഷ്ടം ശാസ്ത്രീയമായി തിട്ടപ്പെടുത്തിയതുമില്ല. കെ.എസ്.ആർ.ടി.സി ബസ് ലിങ്ക് റോഡിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്നതാണെന്നും പൊലീസ് പാർക്കിംഗ് രജിസ്റ്റർ കണ്ടെടുത്തില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. മോഷണത്തിന് പുറമേ പൊതുമുതൽ നശീകരണ കുറ്റത്തിൽ നിന്നും കോടതി പ്രതിയെ ഒഴിവാക്കി. പ്രതിക്ക് വേണ്ടി അഭിഭാഷകരായ പാരിപ്പള്ളി ആർ. വീന്ദ്രൻ, വിനീത് ആർ.രവി, നിത്യ.ആർ.എസ്, അർജ്ജുൻ. വൈ.എസ്, മന്ദിരം ശ്രീനാഥ്, മിർസൽ.കെ.എസ് എന്നിവർ ഹാജരായി.