
കൊല്ലം: കണ്ണനല്ലൂരിൽ കശുഅണ്ടി ഫാക്ടറിയിലെ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളിയെ ഒപ്പം താമസിക്കുന്നവർ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചതുപ്പിൽ കുഴിച്ചുമൂടി. സംഭവത്തിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ.
പശ്ചിമബംഗാൾ സ്വദേശിയും മുട്ടയ്ക്കാവിലെ എസ്.എ കശുഅണ്ടി ഫാക്ടറിയിലെ ജീവനക്കാരനുമായ അൽത്താഫ് മിയയെയാണ് (29) കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അൽത്താഫിനൊപ്പം ജോലി ചെയ്തിരുന്ന പശ്ചിമ ബംഗാൾ സ്വദേശികളായ അൻവർ മുഹമ്മദ് (24), ബികാസ് സെൻ (30) എന്നിവരെ കണ്ണനല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമ്പന പഞ്ചായത്തിൽപ്പെട്ട കുളപ്പാടം മുടീച്ചിറയിലായിരുന്നു സംഭവം.
ചീട്ട് കളിച്ചുണ്ടാക്കുന്ന പണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പിടിയിലായ അൻവറും ബികാസും കണ്ണനല്ലൂർ പൊലീസിന് മൊഴി നൽകി. ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. 17മുതൽ അൽത്താഫ് മിയ ജോലിയ്ക്ക് എത്തിയിരുന്നില്ല. ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നാണ് കശുഅണ്ടി ഫാക്ടറിയിലെ തൊഴിലാളികൾ അൽത്താഫിനെ കാണാനില്ലെന്ന് ഫാക്ടറി ഉടമയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഉടമ കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകി.
പൊലീസ് ആദ്യദിവസം തന്നെ ഇയാളോടൊപ്പം താമസിച്ചിരുന്ന ഇപ്പോൾ പിടിയിലായ അൻവർ മുഹമ്മദ്, ബികാസ് സെൻ എന്നിവരെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തുകയും ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് കൊല്ലപ്പെട്ട അൽത്താഫിന്റെ ഫോൺ കോളുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു. ഇതിൽ നിന്ന് അൽത്താഫിന്റെ ഫോണിലേക്ക് അവസാനം വന്ന ഫോൺ കോൾ പ്രതികളായ അൻവറിന്റെയും ബികാസിന്റെയുമാണെന്ന് മനസിലാക്കി.
ഇതോടൊപ്പം സി.സി ടി.വി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി. ഈ അന്വേഷണത്തിൽ അൽത്താഫും പ്രതികളുമായി ഒന്നിച്ചുപോകുന്ന സി.സി ടി.വി. ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതായും വിവരമുണ്ട്. തുടർന്ന് അൻവറിനെയും ബികാസിനെയും ഇന്നലെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അൽത്താഫിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് പൊലീസിനോട് സമ്മതിച്ചത്. മുടിച്ചിറയിലെ ആളൊഴിഞ്ഞ സ്ഥലത്ത് അവധി ദിവസങ്ങളിൽ പണം വച്ച് ചീട്ടുകളി നടക്കാറുണ്ടായിരുന്നു.
ഇതിൽ നിന്ന് അൽത്താഫിന് പണം ലഭിച്ചിരുന്നു. ഈ പണത്തിന് വേണ്ടിയാണ് ബ്ലേഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയോടെ കുളപ്പാടം മുടിച്ചിറ ഭാഗത്ത് നിന്ന് ആർ.ഡി.ഒയുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു.
മൃതദേഹം ജില്ലാആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. എത്ര രൂപ തട്ടിയെടുത്തെന്ന വിവരം പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ വ്യക്തമാവുകയുള്ളുവെന്നും സംഭവത്തിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും കണ്ണനല്ലൂർ പൊലീസ് പറഞ്ഞു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് രാവിലെ പ്രതികളെ കോടതിയിൽ ഹാജരാക്കും.