കൊല്ലം: ഉദ്ഘാടകനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എത്താൻ രണ്ടര മണിക്കൂറോളം വൈകിയതിന്റെ പേരിൽ ഭരണപക്ഷ അംഗങ്ങൾ തമ്മിലുണ്ടായ രൂക്ഷമായ വാക്കേറ്റത്തോടെ ജില്ലാ കേരളോത്സവത്തിന് തുടക്കം! ഒടുവിൽ ഉദ്ഘാടന ചടങ്ങ് മാറ്റിവച്ച് ഉച്ചയ്ക്ക് 1.30 ഓടെ ജില്ലാ പഞ്ചായത്ത് ഹാളിൽ മത്സരങ്ങൾ ആരംഭിച്ചു.
രാവിലെ 10 നാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. സി.പി.ഐയുടെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, മുൻ പ്രസിഡന്റ് സാം കെ ഡാനിയൽ, സ്ഥിരം സമിതി അദ്ധ്യക്ഷർ അടക്കമുള്ളവർ സ്ഥലത്തെത്തി. എന്നാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ ഈസമയം സി.പി.എമ്മിന്റെ ജില്ലാ പഞ്ചായത്ത് പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കുകയായിരുന്നു. ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ നടക്കേണ്ട മത്സരങ്ങളിൽ പങ്കെടുക്കാനുള്ളവർ അതിരാവിലെ തന്നെ സ്ഥലത്തെത്തി ചായം പൂശി കാത്തിരിക്കുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഉദ്ഘാടനം നടക്കാതെ വന്നതോടെ മത്സരാർത്ഥികളിൽ ചിലർ സ്ഥലത്തുണ്ടായിരുന്നു സി.പി.ഐ ജനപ്രതിനിധികളോട് തട്ടിക്കയറി.
മത്സരാർത്ഥികൾ തങ്ങളെ വളയുമെന്ന അവസ്ഥ വന്നതോടെ വൈസ് പ്രസിഡന്റും മുൻ പ്രസിഡന്റും അടക്കമുള്ള സി.പി.ഐ പ്രതിനിധികൾ 12.30 ഓടെ ജില്ലാ പഞ്ചായത്ത് ഹാളിന് പുറത്തിറങ്ങി 12.30ന് സി.ഐ.ടി.യു ജില്ലാ ഓഫീസിൽ നിശ്ചയിച്ചിരുന്ന ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ പുറപ്പെടാനൊരുങ്ങി. ഈസമയം സ്ഥലത്തേക്ക് പാഞ്ഞെത്തിയ പ്രസിഡന്റ് ഉദ്ഘാടനം തുടങ്ങാമെന്ന് പറഞ്ഞതോടെ സി.പി.ഐക്കാർ ക്ഷുഭിതരായി. പി.കെ. ഗോപനും സാം. കെ.ഡാനിയലും തമ്മിൽ പരസ്യമായി വാക്കേറ്റം നടന്നു. പ്രസിഡന്റ് കാബിനിൽ പോയി കാത്തിരുന്നെങ്കിലും സി.പി.ഐ പ്രതിനിധികൾ എൽ.ഡി.എഫ് യോഗത്തിൽ പങ്കെടുക്കാൻ പോയി. ഇതോടെ ഉദ്ഘാടന ചടങ്ങ് പിന്നീടാക്കാൻ തീരുമാനിച്ച് പ്രസിഡന്റും എൽ.ഡി.എഫ് യോഗത്തിന് പോയി. ഉച്ചയ്ക്ക് രണ്ടരയോടെ മത്സരത്തിനിടെയാണ് ഉദ്ഘാടന ചടങ്ങ് നടത്തിയത്.
പേരിനൊരു മേള
ഇന്നലെ നടന്ന ഭൂരിഭാഗം മത്സരങ്ങളിലും ഒന്നും രണ്ടും പേർ മാത്രമാണ് ഉണ്ടായിരുന്നത്. മത്സരാർത്ഥികളുടെ രക്ഷിതാക്കൾ അടക്കം വിരലിലെണ്ണാവുന്നവരേ സദസിലും ഉണ്ടായിരുന്നുള്ളു.