കരുനാഗപ്പള്ളി: തറയിൽമുക്ക് - താച്ചയിൽമുക്ക് റോഡ് തകർന്ന് കുണ്ടും കുഴിയുമായി. ഈ റോഡിലൂടെയുള്ള യാത്ര ആളുകളുടെ നടുവൊടിക്കും. കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ വരുന്ന റോഡാണ് വർഷങ്ങളായി തകർന്ന് കിടക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റോഡിൽ ഒന്നര പതിറ്റാണ്ടിന് മുമ്പാണ് അവസാനമായി ടാർ ചെയ്തത്. ഇതിന് ശേഷം കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടന്നിട്ടില്ല. മഴ സീസണിൽ കുഴികളിൽ വെള്ളം കെട്ടി നിൽക്കുമ്പോൾ അപകടങ്ങൾ പതിവാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽ പെടുന്നത്.
ഓട്ടോറിക്ഷകൾ വരില്ല
റോഡിന്റെ തകർന്ന ഭാഗങ്ങൾ ജെ.സി.ബി ഉപയോഗിച്ച് അറ്റകുറ്റപ്പണികൾക്കായി പൊളിച്ചിട്ടിട്ട് മാസങ്ങളായി. കരാറുകാന്റെ അനാസ്ഥ കാരണം റോഡിന്റെ കുഴികൾ നികത്താത്തതാണ് ഇപ്പോൾ നാട്ടുകാർ നേരിടുന്ന പ്രധാന ദുരിതം. ഓട്ടോറിക്ഷകൾ പോലും ഇതു വഴി വരാൻ മടിക്കുകയാണ്. സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. കാൽനട യാത്ര പോലും ദുർഘടമാണ്.
നവകേരള സദസിൽ പരാതി നൽകി
തറയിൽ ജംഗ്ഷൻ, ഗുരു പ്രാർത്ഥനാ ഹാളിന് മുൻവശം, പിണറുംമൂട്ടിൽ മുക്ക്, ചക്കാലയിൽമുക്ക്, വടക്കേപടീറ്റതിൽ ക്ഷേത്രത്തിന് സമീപം, താച്ചയിൽ മുക്ക് വാട്ടർ ടാങ്ക് എന്നിവിടങ്ങളിൽ റോഡ് പൂർണമായും തകർന്ന് കിടക്കുകയാണ്. ഒരു കിലോമീറ്റർ മാത്രം ദൈർഘ്യമാണ് റോഡിനുള്ളത്. റോഡിന്റെ പുനരുദ്ധാരണത്തിനായി പൊതു മരാമത്ത് ഉദ്യോഗസ്ഥർ 48 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് നൽകിയിട്ട് മാസങ്ങളായി. റോഡിന്റെ പുനരുദ്ധാരണം ആവശ്യപ്പെട്ട് നാട്ടുകാർ നവകേരള സദസിൽ പരാതി നൽകി.
പ്രധാന സമാന്തര റോഡ്
കരുനാഗപ്പള്ളി ടൗണിലെ പ്രധാന സമാന്തര റോഡാണിത്. ടൗണിൽ ഗതാഗത സ്തംഭനം ഉണ്ടായാൽ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നത് ഈ റോഡിലൂടെയാണ്. താച്ചയിൽ ജംഗ്ഷനിൽ എത്തുന്ന വാഹനങ്ങൾ 100 മീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ ദേശീയപാതയിൽ എത്തിച്ചേരും. ദേശീയപാതയിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിൽ നിർണായക പങ്കാണ് ഈ റോഡിനുള്ളത്.
കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ വരുന്ന പ്രധാന റോഡാണ്. ടാറിംഗ് ഇളകി കുണ്ടും കുഴിയുമായിട്ട് വർഷങ്ങളായി. നാട്ടുകാർ ബന്ധപ്പെട്ടവർക്ക് നിരവധി തവണ പരാതി നൽകി. ഒരു നടപടിയും ഉണ്ടായിട്ടില്ല. കുഴിയുള്ള ഭാഗത്തെ മെറ്റിൽ ഇളക്കി ഇട്ടിട്ട് മാസങ്ങൾ കഴിഞ്ഞു. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണം.രാജു കൊച്ചുതോണ്ടലിൽ, പൊതു പ്രവർത്തകൻ