ചവറ: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചവറ ഐ.ആർ.ഇ.എൽ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പാട് പഞ്ചായത്തിലെ ചെറിയഴീക്കലിൽ ഫിഷ് ലാൻഡിംഗ് സെന്ററും മത്സ്യ ലേല ഹാളും നിർമ്മിച്ചു നൽകുന്നു. ഈ പ്രദേശത്തെ ചെറുകിട മത്സ്യ ബന്ധന മേഖലയ്ക്ക് ഏറെ ഗുണം ചെയ്യുന്ന നിർമ്മാണത്തിന്റെ ശിലാസ്ഥാപനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. ചെറിയഴീക്കലിൽ നടന്ന സമ്മേളനത്തിൽ ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് അദ്ധ്യക്ഷനായി. ഐ.ആർ.ഇ യൂണിറ്റ് മേധാവി എൻ.എസ്.അജിത്ത് മുഖ്യ പ്രഭാഷണം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റ് രാജപ്രിയൻ, പഞ്ചായത്ത് അംഗം എസ്. ഷിജി, കരയോഗം പ്രസിഡൻ്റ് സുരേഷ്, ഐ.ആർ .ഇ ഡെപ്യൂട്ടി ജനറൽ മാനേജർ ഡി.അനിൽകുമാർ, ചീഫ് മാനേജർ ഭക്തദർശൻ, ഷാജി ഡിക്രൂസ് തുടങ്ങിയവർ സംസാരിച്ചു.