കൊല്ലം: കേരളപുരം കൊപ്പാറ പ്രസ് ഉടമ രാജീവ് രാമകൃഷ്ണൻ (56), ഭാര്യ ആശ രാജീവ് (50), മകൻ മാധവ് (21) എന്നിവരെ വീട്ടി​ൽ മരി​ച്ച നി​ലയി​ൽ കണ്ടെത്തി​. കേരളപുരം കെ.പി.പി ജംഗ്ഷന് സമീപം ഒറ്റിയ്ക്ക് എടുത്തിരുന്ന ഗസൽ എന്ന വീട്ടിലായി​രുന്നു താമസം. രാജീവും ആശയും കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിലും മാധവി​ന്റെ മൃതദേഹം തന്റെ മുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിലുമായിരുന്നു.

പ്രസി​ലെ ജീവനക്കാർ വി​ളി​ച്ചപ്പോൾ രാമകൃഷ്ണൻ ഫോൺ​ എടുക്കാതി​രുന്നതി​നെത്തുടർന്ന് ഇന്നലെ രാവി​ലെ പതി​നൊന്നോടെ വീട്ടി​ലെത്തി​ നോക്കി​യപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സാമ്പത്തി​ക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾക്ക് ഒരു ദിവസത്തിലേറെ പഴക്കമുണ്ട്. വ്യാഴാഴ്ച രാത്രി ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം. മാധവി​ന്റെ മരണം വിഷം ഉള്ളി​ൽച്ചെന്നാണെന്നാണ് പ്രാഥമി​ക നി​ഗമനം. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

വിദേശത്തായിരുന്ന രാജീവ് രാമകൃഷ്ണൻ മടങ്ങിയെത്തി വിദേശത്ത് നിന്നു ഇറക്കുമതി ചെയ്ത യന്ത്രങ്ങളുമായി​ 15 വർഷം മുൻപാണ് രണ്ടാംകുറ്റിയിൽ കൊപ്പാറ പ്രസ് ആരംഭിച്ചത്. 150 ഓളം ജീവനക്കാരുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ പ്രസ് പച്ച പിടിച്ചെങ്കിലും പിന്നീട് കടുത്ത നഷ്ടത്തിലേക്ക് നീങ്ങി. കടം പെരുകിയതോടെ ഏഴ് വർഷം മുൻപ് യന്ത്രങ്ങളിൽ വലിയൊരു ഭാഗം വിറ്റ ശേഷം കേരളപുരത്തേക്ക് പ്രസ് മാറ്റുകയായിരുന്നു. ഉളിയക്കോവിലിലെ കുടുംബ വീട് വിറ്റ ശേഷം പലയിടങ്ങളിൽ താമസിച്ചിരുന്നു. ബാങ്കുകൾക്ക് പുറമേ സ്വകാര്യ വ്യക്തികളിൽ നിന്നു രാജീവ് വൻതുക കടം വാങ്ങിയിരുന്നു. മാധവ് കൊട്ടിയം എസ്.എൻ പോളിടെക്നിക്കിലെ രണ്ടാം വർഷ വി​ദ്യാർത്ഥി​യാണ്.