കൊല്ലം: വീട്ടിൽ അതിക്രമിച്ച് കടന്ന് വീട്ടമ്മയേയും യുവാവിനെയും ആക്രമിച്ച്, സദാചാര ഗുണ്ടായി​സം കാട്ടി​യ സംഭവത്തിൽ 9 പേർക്ക് മൂന്ന് വർഷം വീതം തടവും 4000 രൂപ വീതം പിഴയും ശിക്ഷ. കടയ്ക്കൽ ദർപ്പക്കാട് സ്വദേശിനിയുടെ വീട്ടിൽ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ സുധീർ, റിയാദ്, ഇർഷാദ്, സിറാജുദ്ദീൻ, അനസ്, ഷാഫി, ജിജു, സഫീർ, സിനു എന്നിവരെയാണ് ശിക്ഷിച്ചത്.

കേസിൽ 11 പ്രതികളാണ് ആദ്യം ഉണ്ടായിരുന്നത്. അതിൽ ഒരാളെ ഹൈക്കോടതി നേരത്തെ കുറ്റവിമുക്തനാക്കി. മറ്റൊരാൾ വിചാരണ നേരിട്ടിട്ടില്ല. 2017 ജൂൺ 12ന് രാത്രി 11ഓടെയാണ് കേസിനാസ്പദമായ സംഭവം. മാരകായുധങ്ങളുമായി ദർപ്പക്കാട് സ്വദേശിനിയുടെ വീട്ടിലെത്തി​യ സംഘം വീട്ടമ്മയേയും യുവാവിനെയും ആക്രമിച്ചു. പിന്നീട് പുറത്തേക്ക് വലിച്ചിഴച്ച് വീടിന് മുന്നിലെ തെങ്ങിൽ കെട്ടിയിട്ട് മൈബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസ് അന്വേഷിച്ച കടയ്ക്കൽ പൊലീസ് ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ പിടിച്ചെടുത്തു. മൊബൈൽ ഫോൺ ദൃശ്യങ്ങൾ ഫോറൻസി​ക് സംഘം പരിശോധിച്ചു. ഡോക്ടർമാർ ഉൾപ്പെടെ 36 സാക്ഷികളെ വിസ്തരിച്ചു. വിചാരണ നേരിട്ട ഒൻപത് പ്രതികളും കുറ്റക്കാരാണെന്ന് കോടതി​ കണ്ടെത്തി. കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ദൃശ്യ ബാലകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. നിയമവിരുദ്ധമായി സംഘം ചേരൽ, മാരകായുധങ്ങൾ ഉപയോഗിച്ച് കലാപം ഉണ്ടാക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ, അന്യായമായി തടവിലാക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ജെ. മിത്ര ഹാജരായി.