മൺറോത്തുരുത്ത്: നിർമ്മാണം അവസാന ഘട്ടത്തിലെത്തിയ മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ പ്ളാറ്റ് ഫോമിന്റെ കൊല്ലം ഭാഗത്തേക്കുള്ള പ്ലാറ്റ്ഫോമിന് ഉയരക്കുറവുണ്ടെന്നും ട്രാക്കിൽ നിന്നുള്ള അകലം കൂടുതലാണെന്നും പരാതി. കഴിഞ്ഞ ദിവസം പ്ളാറ്റ് ഫോമിലിറങ്ങി കമ്പാർട്ട്മെന്റ് മാറിക്കയറാൻ ശ്രമിച്ച പെൺകുട്ടി ട്രെയിനിനും പ്ളാറ്റ്ഫോമിനു ഇടയിലേക്ക് വീണിരുന്നു. നാട്ടുകാരനായ ചിത്രസേനന്റെ സമയോചിത ഇടപെടലാണ് പെൺകുട്ടിയെ രക്ഷപെടുത്തിയത്. ഇതോടെയാണ് പ്ളാറ്റ്ഫോമും ട്രെയിനുമായുള്ള അകലം ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ എറണാകുളം ഭാഗത്തേക്കുള്ള പ്ളാറ്റ് ഫോമിന്റ ഉയരവും അകലവും കൃത്യമാണ്. ഒരു പ്ളാറ്റ്ഫോം കൃത്യമായി നിർമ്മിക്കുകയും മറ്റൊന്നിൽ അപാകത ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ എത്രയും വേഗം റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് വേണ്ട പരിഹാരം കാണണമെന്ന് മൺറോ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ശോഭാ സുധീഷ് ആവശ്യപ്പെട്ടു. മൺറോത്തുരുത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകത കാരണം പഴയ പ്ളാറ്റ്ഫോമുകൾ താഴ്ന്നു പോയതിനെ തുർടന്നാണ് പുതിയ പ്ളാറ്റ്ഫോമിന്റെ നിർമ്മാണം ആരംഭിച്ചത്.