കൊല്ലം: കാൽനട യാത്രക്കാരുടെ സുരക്ഷ, ട്രാഫിക്ക് ജംഗ്ഷനുകളിലെ സുരക്ഷ എന്നിവ മുൻനിറുത്തി കൊല്ലം സേഫ് കേരള ആർ.ടി.ഒ എൻഫോഴ്സ്മെന്റ് ടീം കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജ് എൻ.എസ്.എസ് യൂണിറ്റുമായി ചേർന്ന് നടത്തുന്ന സ്റ്റോപ്പ് @ സ്റ്റോപ്പ് ലൈൻ ബോധവത്ക കാമ്പയിനുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വീഡിയോ ആൽബം ട്രാൻസ്പോർട്ട് കമ്മി​ഷണർ എസ്.ശ്രീജിത്ത് പ്രകാശനം ചെയ്തു.
എൻ.എസ്.എസ് സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തക ദയാബായി മുഖ്യ പ്രഭാഷണം നടത്തി. എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എസ്. ബി​ജു, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി.കെ.കരൻ, കോളേജ് മാനേജർ ഫാ. ബേബി തോമസ്, അഡ്മിനിസ്ട്രേറ്റർ ഫാ. ജോർജ്ജ് കുട്ടി, പ്രിൻസിപ്പൽ ഡോ.സുമി അലക്സ്,എൻ.എസ്.എ പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ. ആശ, ഡോ. വി​. മനു, പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, വോളണ്ടിയർമാർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളായ എബിൻ ഷാജി, അഭി റാം എന്നിവർ ഗാനങ്ങൾ ആലപിച്ച ആൽബം സംവിധാനം ചെയ്തത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി.കെ.കരനാണ്. ചുവപ്പ് സിഗ്നൽ തെളിയുമ്പോൾ സ്റ്റോപ്പ് ലൈനിന് മുന്നേ വാഹനം നിറുത്തണം എന്ന സന്ദേശത്തിന്റെ പ്രചാരണാർത്ഥമാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. കൊട്ടാരക്കര പുലമൺ ജംഗ്ഷൻ കേന്ദ്രീകരിച്ച് പത്ത് മാസമായി നടത്തുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമാണ് ആൽബം.