
കൊല്ലം: വൃക്കരോഗത്തിന്റെ തീവ്രത തിരിച്ചറിഞ്ഞ, പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിലെ കുട്ടികളുടെ നൻമ നിറഞ്ഞ മനസ് തുണയായത് രണ്ടു രോഗികൾക്ക്. വൃക്കരോഗത്തിന് ചികിത്സാ സഹായം തേടിക്കൊണ്ടിരുന്ന, നെടുമ്പന ഗ്രാമപഞ്ചായത്തിലെ സക്കീർ ഹുസൈൻ (39), മഹമ്മദ് റാഫി (25) എന്നിവർക്കായി കുട്ടികളുടെ കരുതലിൽ മൂന്നു ലക്ഷം രൂപയാണ് സമാഹരിച്ചത്.
ഇരുവരുടെയും വൃക്ക മാറ്റിവയ്ക്കാൻ നാട് കൈകോർത്തിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട സ്കൂൾ മാനേജർ സുരേഷ് സിദ്ധാർത്ഥ വൃക്ക രോഗത്തിന്റെ ഗൗരവത്തെ കുറിച്ച് കുട്ടികളെ ബോധവത്കരിക്കാൻ സേഫ് കിഡ്നി വാരം എന്ന പേരിൽ സ്കൂളിൽ അവബോധ പ്രവർത്തനം ആരംഭിക്കാൻ നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി കുട്ടികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിക്കുകയും ക്ലാസുകളിൽ കയറിയിറങ്ങി ആരോഗ്യ പരിപാലനത്തെ കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്തു. അദ്ധ്യാപകരും പുറമേ നിന്നുള്ള വിദഗ്ദ്ധരും ക്ലാസുകൾ എടുത്തു.
ഒപ്പം ധനസമാഹരണത്തിനും തുടക്കമിട്ടു. ഓരോ വിദ്യാർത്ഥിയും തങ്ങളുടെ ഒരു ദിവസത്തെ ചെലവ് എന്ന കണക്കിൽ 100 രൂപ വീതം സ്വരൂപിക്കണം എന്നായിരുന്നു നിർദ്ദേശം. ഒരാഴ്ചകൊണ്ട് 2.62 ലക്ഷത്തോളം രൂപ സമാഹരിക്കാനായി. അദ്ധ്യാപകരും മാനേജ്മെന്റും സഹായിച്ചതോടയ തുക മൂന്നു ലക്ഷമായി.
ജനകീയ കൂട്ടായ്മ ചെയർമാൻ എസ്. നാസറുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർക്ക് ഇന്നലെ വൈകിട്ട് സ്കൂളിൽ നടന്ന ചടങ്ങിൽ കൊല്ലം സിറ്റി പോലീസ് കമ്മിഷണർ വിവേക് കുമാർ തുകയുടെ ചെക്ക് കൈമാറി. സ്കൂൾ പി.ടി എ പ്രസിഡന്റ് ഗിരീഷ് ചന്ദ്രൻ അദ്ധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് അംഗം കെ. ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കുളപ്പാടം ഫൈസൽ എന്നിവർ സംസാരിച്ചു.
സ്കൂൾ മാനേജർ സുരേഷ് സ്വാഗതവും പ്രിൻസിപ്പൽ ഗിരീഷ് ബാബു നന്ദിയും പറഞ്ഞു. ജനകീയ കൂട്ടായ്മയുടെ അംഗങ്ങളായ,
ബി. ശിഹാബ്, ഷെരീഫ്, നാസിം, സുൽഫിക്കർ, ഷെഫീഖ്, ഹാഷിം, സുൽബെത് (എൻ.എസ് ഹോസ്പിറ്റൽ ബോർഡ് അംഗം), കെ.കെ. സുബൈർ, എ.കെ. നിസാം, എസ്. ജുമൈല, കലാഗ്രാമം പ്രവർത്തകരായ പ്രകാശ് വിലങ്ങറ, എസ്. അനിൽകുമാർ മനു മാധവൻ എന്നിവർ പങ്കെടുത്തു